റിയാദ്: റിയാദ് നഗരത്തിന്റെ വടക്കൻ ഭാഗത്തുണ്ടായ അപകടകരമായ റോഡ് തകർച്ചക്ക് കാരണം സമീപത്തെ നിർമ്മാണ സൈറ്റിലെ അശാസ്ത്രീയമായ കുഴിക്കലുകളാണെന്ന് റിയാദ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്സ് സെന്റർ വ്യക്തമാക്കി. ഒരു കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി നടന്ന ഖനനം കാരണം മണ്ണിലെ ഉറപ്പ് നഷ്ടപ്പെടുകയും, ഇത് ഭൂഗർഭ ജലപൈപ്പുകൾ തകരാനും ജലം കെട്ടിക്കിടക്കാനും കാരണമായതാണ് റോഡ് ഇടിയാൻ ഇടയാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം റിപ്പോർട്ട് ചെയ്തത്.
അപകടം നടന്ന ഉടൻ തന്നെ ട്രാഫിക് വിഭാഗം, സൗദി ഇലക്ട്രിസിറ്റി കമ്പനി, വാട്ടർ സർവീസ് വിഭാഗം എന്നിവർ സംയുക്തമായി സ്ഥലത്തെത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചു. റോഡ് തകർച്ച ഉണ്ടായെങ്കിലും പൊതുജനങ്ങൾക്കുള്ള അവശ്യ സേവനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും കുടിവെള്ള വിതരണവും വൈദ്യുതിയും തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. തകരാർ സംഭവിച്ച പൈപ്പുകൾ വേർതിരിക്കുകയും അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ഇത്തരം പരാതികൾ 19989 എന്ന നമ്പറിലോ മൊബൈൽ ആപ്പ് വഴിയോ അറിയിക്കാമെന്നും സെന്റർ വ്യക്തമാക്കി.



