27.1 C
Saudi Arabia
Tuesday, February 24, 2026
spot_img

സാദിഖലി തങ്ങൾക്കെതിരായ വിമർശനം; ഉമർ ഫൈസി മുക്കത്തിന് സമസ്തയുടെ കർശന ശാസന

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അപമര്യാദയായ പ്രയോഗങ്ങൾ നടത്തിയ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന് സമസ്ത നേതൃത്വത്തിന്റെ കർശന ശാസന. പൈതൃകം വിശദീകരിച്ച് ഉമർ ഫൈസി നടത്തിയ പ്രസംഗത്തിൽ പാണക്കാട് കുടുംബത്തെയും സാദാത്തുക്കളെയും കുറിച്ചുളള പരാമർശങ്ങൾ ഒരു പ്രവർത്തകനും ഭൂഷണമല്ലെന്ന് സമസ്ത നേതൃത്വം വിലയിരുത്തി. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ തുടങ്ങിയ മുതിർന്ന നേതാക്കൾ ഉമർ ഫൈസിയെ നേരിട്ട് വിളിച്ചാണ് താക്കീത് നൽകിയത്. മേലിൽ ഇത്തരം പ്രവണതകൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശന നടപടി സ്വീകരിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

പാണക്കാട് കുടുംബത്തെക്കുറിച്ചുള്ള പരാമർശങ്ങളിൽ സമസ്ത നേതൃത്വം ഖേദം പ്രകടിപ്പിച്ചു. നേരത്തെ സാദിഖലി തങ്ങളുടെ ഖാസി പദവിയെ ഉമർ ഫൈസി ചോദ്യം ചെയ്തത് സംഘടനക്കുള്ളിലും ലീഗ് നേതൃത്വത്തിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ‘പാരമ്പര്യം പറഞ്ഞ് സമസ്തയെ പേടിപ്പിക്കണ്ട’ എന്നതടക്കമുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകൾ സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നതാണെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടനയുടെ ഐക്യം നിലനിർത്തുന്നതിനായി ഉമർ ഫൈസിക്കെതിരെ അച്ചടക്ക നടപടിയുടെ ഭാഗമായി ശാസന പുറപ്പെടുവിച്ചത്.

 

Related Articles

- Advertisement -spot_img

Latest Articles