ത്വാഇഫ്: നീണ്ട പത്ത് വർഷത്തെ നിയമകുരുക്കുകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കോഴിക്കോട് മൂഴിക്കൽ സ്വദേശി ഇബ്രാഹിം പ്രവാസലോകത്തോട് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നു. സ്പോൺസറുമായുണ്ടായ തർക്കത്തെ തുടർന്ന് താമസരേഖ (ഇഖാമ) പോലും ഇല്ലാതെ സൗദിയിലെ ത്വാഇഫിൽ ദുരിതത്തിലായ ഇബ്രാഹിമിന് ഐസിഎഫ് പ്രവർത്തകരുടെ ഇടപെടലാണ് തുണയായത്. ഇരുപത്തിയാറ് വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ കഴിഞ്ഞ പത്ത് വർഷമായി നിയമപരമായ രേഖകളില്ലാതെ വലിയ പ്രയാസത്തിലായിരുന്നു ഇദ്ദേഹം. 2016 ജനുവരിയിലാണ് ഇബ്രാഹിം അവസാനമായി നാട്ടിൽ പോയി വന്നത്. പിന്നീട് സ്പോൺസറുമായുള്ള പ്രശ്നങ്ങൾ കാരണം നിയമനടപടികളിൽ കുടുങ്ങുകയായിരുന്നു.
ഇബ്രാഹിമിന്റെ ദുരിതമറിഞ്ഞ ഐസിഎഫ് പ്രവർത്തകർ സഹായഹസ്തവുമായി എത്തുകയും, കഴിഞ്ഞ മൂന്ന് മാസമായി ചിട്ടയായ നിയമ പോരാട്ടം നടത്തുകയുമായിരുന്നു. തൊഴിൽ കോടതിയിൽ നടത്തിയ കേസ് ഇബ്രാഹിമിന് അനുകൂലമാവുകയും, തുടർന്ന് ‘ജവാസത്ത്’ (പാസ്പോർട്ട് വിഭാഗം) മുഖേന താമസരേഖ സംബന്ധമായ തടസ്സങ്ങൾ നീക്കുകയും ചെയ്തതോടെയാണ് യാത്രാ നടപടികൾ പൂർത്തിയായത്. ഐസിഎഫ് പ്രവർത്തകരായ കബീർ മുസ്ലിയാർ, ആർ.എം ത്വൽഹത്ത്, സലാം ഏളാട്, സാബിത് ചെറുവണ്ണൂർ എന്നിവരാണ് നിയമനടപടികൾക്കും ഇബ്രാഹിമിന്റെ മടക്കയാത്രയ്ക്കും നേതൃത്വം നൽകിയത്.



