കണ്ണൂർ: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ നിലപാടെടുത്ത മുൻ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി. കുഞ്ഞികൃഷ്ണനെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജനാണ് നടപടി റിപ്പോർട്ട് ചെയ്തത്. ടി.ഐ. മധുസൂദനൻ എം.എൽ.എ ഉൾപ്പെടെയുള്ളവർക്കെതിരെ ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണന്റെ നടപടി ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് പാർട്ടി വിലയിരുത്തി.
ധനരാജ് രക്തസാക്ഷി ഫണ്ടിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും വ്യക്തിപരമായ ധനാപഹരണം ഉണ്ടായിട്ടില്ലെന്നുമാണ് പാർട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. എന്നാൽ, പാർട്ടിയുടെ ഈ നിലപാടിനെ തള്ളിക്കൊണ്ട് കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയത് പാർട്ടിക്ക് ദോഷകരമായി ബാധിച്ചുവെന്ന് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. അതേസമയം, കമ്മ്യൂണിസ്റ്റ് പാർട്ടിയെ സ്നേഹിക്കുന്ന ആർക്കും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് അംഗീകരിക്കാനാവില്ലെന്നും താൻ ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു. പയ്യന്നൂരിലെ പ്രവർത്തകരുടെ യോഗം വിളിച്ച് നടപടി ഔദ്യോഗികമായി വിശദീകരിക്കാനാണ് സി.പി.എം തീരുമാനം.



