ന്യൂഡൽഹി: താൻ സി.പി.എമ്മിലേക്ക് പോകുന്നുവെന്ന രീതിയിൽ പുറത്തുവരുന്ന വാർത്തകൾ വെറും മാധ്യമസൃഷ്ടിയാണെന്ന് ശശി തരൂർ എം.പി. ദുബായിൽ വെച്ച് ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നുവെന്ന ആരോപണം അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. മാധ്യമങ്ങൾ തങ്ങളുടെ താല്പര്യങ്ങൾക്കായി ചമച്ചെടുത്ത കഥയാണിതെന്നും, രാഷ്ട്രീയമായ തന്റെ നിലപാടുകളും പരാതികളും പറയേണ്ടത് കോൺഗ്രസ് നേതൃത്വത്തോടാണെന്നും അതിനുള്ള അവസരം വരുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് പാർലമെന്ററി നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാതിരുന്നത് പാർട്ടിയോടുള്ള അതൃപ്തി കൊണ്ടല്ലെന്നും മറിച്ച് ക്ഷണം ലഭിച്ച സമയത്ത് താൻ നാട്ടിലില്ലാതിരുന്നതിനാലാണെന്നും തരൂർ വിശദീകരിച്ചു. റിട്ടേൺ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നതിനാൽ യാത്ര മാറ്റാൻ കഴിഞ്ഞില്ല. കൊച്ചിയിൽ നടന്ന മഹാപഞ്ചായത്ത് പരിപാടിയിൽ രാഹുൽ ഗാന്ധി തന്നെ അവഗണിച്ചുവെന്ന തരത്തിലുള്ള ചർച്ചകൾ നിലനിൽക്കെയാണ് തരൂർ ഇടതുപക്ഷത്തേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ ഇപ്പോൾ പ്രതികരിക്കാനുള്ള സമയമല്ലെന്നും ഉചിതമായ വേദിയിൽ നേതൃത്വവുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.



