മിനിയപോളിസ്: അമേരിക്കൻ കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന് നേരെ മിനിയപോളിസിൽ വെച്ച് ആക്രമണം. ചൊവ്വാഴ്ച വൈകിട്ട് മിനിയപോളിസ് ടൗൺ ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുന്നതിനിടെ ഒരാൾ ഇൽഹാന് നേരെ പാഞ്ഞടുക്കുകയും സിറിഞ്ച് ഉപയോഗിച്ച് അജ്ഞാത ദ്രാവകം സ്പ്രേ ചെയ്യുകയുമായിരുന്നു. അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് നിർത്തലാക്കണമെന്നും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം രാജിവെക്കണമെന്നും ഇൽഹാൻ ഒമർ പ്രസംഗത്തിനിടെ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ആക്രമണം. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയെ കീഴടക്കി പോലീസിന് കൈമാറി.
സംഭവത്തിൽ ഇൽഹാൻ ഒമറിന് പരിക്കുകളില്ലെന്ന് അവരുടെ ഓഫീസ് അറിയിച്ചു. ആക്രമണം നടന്നുവെങ്കിലും യോഗം നിർത്തിവെക്കാൻ അവർ തയ്യാറായില്ല. ഇത്തരം ഭീഷണികൾക്ക് വഴങ്ങില്ലെന്നും തന്റെ പ്രവർത്തനം തുടരുമെന്നും ഇൽഹാൻ ഒമർ പ്രഖ്യാപിച്ചു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് മാറ്റി. മിന്നസോട്ടയിൽ കുടിയേറ്റക്കാർക്കെതിരെയുള്ള നടപടികളെ ശക്തമായി എതിർക്കുന്ന നേതാവാണ് ഇൽഹാൻ ഒമർ. ഈ നിലപാടുകളോടുള്ള എതിർപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. സംഭവത്തെ മിനിയപോളിസ് മേയർ ഉൾപ്പെടെയുള്ള പ്രമുഖർ അപലപിച്ചു.



