പത്തനംതിട്ട: ബലാത്സംഗ കേസുകളിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷകളിൽ കോടതികൾ ഇന്ന് വിധി പറയും. മൂന്നാം ബലാത്സംഗ കേസിൽ പത്തനംതിട്ട സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ ഉന്നയിച്ച തടസ്സവാദങ്ങളെത്തുടർന്ന് നേരത്തെ മാറ്റിവെച്ച വിധിപ്രസ്താവമാണ് ഇന്ന് നടക്കുന്നത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന് പ്രതിഭാഗം വാദിക്കുമ്പോൾ, രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകുന്നത് കേസ് അട്ടിമറിക്കാൻ ഇടയാക്കുമെന്നുമാണ് പ്രോസിക്യൂഷന്റെയും അതിജീവിതയുടെയും നിലപാട്.
അതേസമയം, ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ ത്തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിയുന്ന എം.എൽ.എയ്ക്ക് ഇന്ന് കോടതികളിൽ നിന്ന് തിരിച്ചടി നേരിട്ടാൽ ജയിൽവാസം നീളും. അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടുകളും അതിജീവിതയുടെ സത്യവാങ്മൂലവും കോടതി ഇന്ന് വിശദമായി പരിശോധിക്കും.



