തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ലഭിക്കാത്തതിനെത്തുടർന്ന് കെ.കെ. ഹർഷിന വീണ്ടും സമരത്തിലേക്ക്. ജനുവരി 28 ബുധനാഴ്ച രാവിലെ 10 മണി മുതൽ തിരുവനന്തപുരത്തെ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഹർഷിന സത്യാഗ്രഹ സമരം നടത്തുന്നത്. വർഷങ്ങൾ നീണ്ട വേദനയ്ക്കും നിയമപോരാട്ടത്തിനും ശേഷവും അർഹമായ നഷ്ടപരിഹാരമോ കുറ്റക്കാർക്കെതിരെ കർശന നടപടിയോ ഉണ്ടായില്ലെന്ന് ആരോപിച്ചാണ് സമരം.
2017-ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ആർട്ടറി ഫോഴ്‌സ്‌പ്‌സ് (കത്രിക) കുടുങ്ങിയത്. അഞ്ച് വർഷത്തോളം നീണ്ട അസഹനീയമായ വേദനയ്‌ക്കൊടുവിൽ 2022 സെപ്റ്റംബറിലാണ് ഇത് പുറത്തെടുത്തത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഡോക്ടർമാരും നഴ്സുമാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും, കേസ് നടപടികൾ വൈകുന്നതും കോടതി സ്റ്റേ വന്നതും നീതി ലഭിക്കുന്നതിന് തടസ്സമായി. സർക്കാർ തന്നോടൊപ്പമാണെന്ന് ആവർത്തിക്കുമ്പോഴും പ്രായോഗികമായ സഹായങ്ങൾ ലഭിക്കുന്നില്ലെന്നും, തുടർചികിത്സയ്ക്കായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ഹർഷിന പറഞ്ഞു. മുൻ മന്ത്രി വി.സി. കബീർ ഉൾപ്പെടെയുള്ള സാമൂഹിക-രാഷ്ട്രീയ നേതാക്കൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.



