ചെന്നൈ: കുടുംബവഴക്കിനെത്തുടർന്ന് അമ്മയുടെ നിർബന്ധത്തിന് വഴങ്ങി പിതാവിനെതിരെ നൽകിയ ലൈംഗിക പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ, പ്രതിക്ക് വിധിച്ചിരുന്ന അഞ്ച് വർഷത്തെ തടവുശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. പുതുച്ചേരി സ്വദേശിയായ 48-കാരനെതിരെയായിരുന്നു 2023-ൽ മകൾ പരാതി നൽകിയിരുന്നത്. എന്നാൽ, ഹൈക്കോടതിയിലെ വിചാരണയ്ക്കിടെ, അമ്മയുടെ പ്രേരണയാലാണ് താൻ അച്ഛനെതിരെ മൊഴി നൽകിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തി. വിവാഹമോചന കേസിനെത്തുടർന്നുള്ള വൈരാഗ്യം തീർക്കാൻ സ്വന്തം ഭർത്താവിനെതിരെ മകളെ കരുവാക്കിയ അമ്മയുടെ നടപടിയെ കോടതി അതിശക്തമായി വിമർശിച്ചു.
മകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പിതാവിനെ നിരപരാധിയായി പ്രഖ്യാപിച്ച ജസ്റ്റിസ് ഭാരത ചക്രവർത്തി, കുട്ടികളെ ആയുധമാക്കി ഇത്തരം കള്ളക്കേസുകൾ നൽകുന്നത് മാപ്പർഹിക്കാത്ത കുറ്റമാണെന്ന് നിരീക്ഷിച്ചു. ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങളിൽ കുട്ടിയുടെ ഭാവി തകർക്കുന്ന രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകാൻ പാടില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. വിചാരണ കോടതി ശിക്ഷിച്ചതിനെത്തുടർന്ന് ജയിലിൽ കഴിഞ്ഞിരുന്ന ഇയാളെ ഉടൻ വിട്ടയയ്ക്കാൻ കോടതി ഉത്തരവിട്ടു. വ്യാജ പരാതികൾ നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും ഇത്തരം പ്രവണതകൾ ഗൗരവമായി കാണണമെന്നും കോടതി വ്യക്തമാക്കി.



