ഹൈദരാബാദ്: പ്രണയബന്ധത്തെ മാതാപിതാക്കൾ എതിർത്തതിലുള്ള വൈരാഗ്യത്തെത്തുടർന്ന് അച്ഛനെയും അമ്മയെയും മാരകമായ മരുന്നു കുത്തിവെച്ച് കൊലപ്പെടുത്തി നഴ്‌സായ യുവതി. തെലങ്കാനയിലെ സൂര്യപേട്ട ജില്ലയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഭാർഗവി എന്ന യുവതിയാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്. യുവതിയുടെ പ്രണയത്തെ മാതാപിതാക്കൾ ശക്തമായി എതിർത്തതാണ് ഈ ദാരുണമായ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.
മരുന്നുകളെക്കുറിച്ച് കൃത്യമായ അറിവുള്ള യുവതി, മാതാപിതാക്കൾ ഉറങ്ങിക്കിടക്കുമ്പോൾ മാരകമായ ഇൻജക്ഷനുകൾ നൽകുകയായിരുന്നു. പിറ്റേന്ന് രാവിലെ മാതാപിതാക്കൾ മരിച്ചുകിടക്കുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ ത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്. മരണത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് യുവതി കുറ്റം സമ്മതിച്ചത്. സംഭവത്തിൽ യുവതിയെയും ഇവർക്ക് കൂട്ടുനിന്ന കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.



