കൊച്ചി: ചികിത്സാ വീഴ്ചയെത്തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന പാലക്കാട് പല്ലശ്ശന സ്വദേശിനി വിനോദിനിക്ക് (9) ഇനി പുതിയ പ്രതീക്ഷയുടെ നാളുകൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വിനോദിനിക്ക് ആധുനിക രീതിയിലുള്ള കൃത്രിമക്കൈ വിജയകരമായി ഘടിപ്പിച്ചു. വിരലുകൾ ചലിപ്പിക്കാനും വസ്തുക്കൾ പിടിക്കാനും സാധിക്കുന്ന ഈ ഹൈടെക് കൈ ലഭിച്ചതോടെ പഴയതുപോലെ സ്കൂളിൽ പോകാനാകുമെന്ന സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കി. ഞായറാഴ്ച ആശുപത്രിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിനോദിനിക്ക് സമ്മാനങ്ങൾ നൽകുകയും കുഞ്ഞിന്റെയും കുടുംബത്തിന്റെയും സന്തോഷത്തിൽ പങ്കുചേരുകയും ചെയ്തു.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെത്തുടർന്നാണ് വീഴ്ചയിൽ പരിക്കേറ്റ വിനോദിനിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നത്. ഈ സംഭവം വലിയ വാർത്തയാകുകയും വിവാദമാകുകയും ചെയ്തിരുന്നു. കുട്ടിയുടെ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും ആവശ്യമായ സഹായങ്ങൾ പ്രതിപക്ഷ നേതാവിന്റെ ഇടപെടലിലൂടെയാണ് ലഭ്യമാക്കിയത്. നാല് മണിക്കൂർ ചാർജ് ചെയ്താൽ മൂന്ന് ദിവസം വരെ പ്രവർത്തിക്കുന്ന ബാറ്ററി അസിസ്റ്റഡ് കൈയാണ് വിനോദിനിക്ക് നൽകിയിരിക്കുന്നത്. കുട്ടിയുടെ വളർച്ചയ്ക്കനുസരിച്ച് ഭാവിയിൽ കൃത്രിമക്കൈ മാറ്റുന്നതിനും ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് വി.ഡി. സതീശൻ കുടുംബത്തിന് ഉറപ്പുനൽകി. വിനോദിനി ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങും.



