15.5 C
Saudi Arabia
Wednesday, February 4, 2026
spot_img

കിംഗ് ഫഹദ് കോസ്‌വേ ടോൾ നിരക്ക് വർദ്ധിപ്പിച്ചു; പുതിയ നിരക്കുകൾ ഫെബ്രുവരി 1 മുതൽ നിലവിൽ വന്നു

ദമ്മാം: സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിലെ ടോൾ നിരക്കുകൾ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2026 ഫെബ്രുവരി 1 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി കോസ്‌വേ അതോറിറ്റി അറിയിച്ചു. ഏറെ നാളുകൾക്ക് ശേഷമാണ് യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന ഇത്തരമൊരു നിരക്ക് വർദ്ധനവ് അധികൃതർ നടപ്പിലാക്കുന്നത്. പാലത്തിന്റെ പരിപാലന ചെലവുകൾ വർദ്ധിച്ചതും യാത്രക്കാർക്ക് കൂടുതൽ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

പുതുക്കിയ നിരക്ക് പ്രകാരം ചെറിയ കാറുകൾക്കുള്ള ടോൾ നിരക്ക് 25 സൗദി റിയാലിൽ (അല്ലെങ്കിൽ 2.5 ബഹ്‌റൈനി ദിനാർ) നിന്നും 30 റിയാലായി (3 ബഹ്‌റൈനി ദിനാർ) വർദ്ധിപ്പിച്ചു. ചെറുകിട ബസ്സുകൾക്കും വാനുകൾക്കും ഇനി മുതൽ 40 റിയാൽ നൽകണം. എന്നാൽ ഭാരവാഹനങ്ങളുടെ (Heavy Trucks) നിരക്കുകളിൽ മാറ്റമില്ല. നിശ്ചിത ഇളവുകൾ ലഭിക്കുന്ന വിദ്യാർഥികൾക്കും ഭിന്നശേഷിക്കാർക്കും പുതിയ നിരക്കിന്റെ 50 ശതമാനം നൽകിയാൽ മതിയാകും. ‘ജിസ്ർ’ (Jesr) ആപ്പ് വഴിയുള്ള ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ടോൾ പ്ലാസകളിലെ തിരക്ക് കുറക്കാൻ സാധിക്കുമെന്ന് അതോറിറ്റി പ്രത്യാശ പ്രകടിപ്പിച്ചു. വാരാന്ത്യങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്ന കോസ്‌വേയിൽ നിരക്ക് വർദ്ധനവ് വരുത്തിയത് പതിവ് യാത്രക്കാർക്ക് തിരിച്ചടിയാകും.

 

Related Articles

- Advertisement -spot_img

Latest Articles