28.4 C
Saudi Arabia
Tuesday, February 10, 2026
spot_img

ഇറാനിൽ യുദ്ധഭീതി; പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ അമേരിക്കയുടെ കർശന നിർദ്ദേശം

ടെഹ്‌റാൻ: മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിലുള്ള പൗരന്മാർക്ക് അടിയന്തര മുന്നറിയിപ്പുമായി അമേരിക്ക. ലഭ്യമായ എല്ലാ ഗതാഗത മാർഗങ്ങളും ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്ന് യു.എസ് എംബസി നിർദ്ദേശിച്ചു. അമേരിക്കൻ സർക്കാരിന്റെ സഹായത്തിന് കാത്തുനിൽക്കാതെ സ്വന്തം നിലയിൽ മടങ്ങാനുള്ള പദ്ധതികൾ തയ്യാറാക്കാനാണ് പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാനിലെ പ്രതിഷേധങ്ങൾ, ആശയവിനിമയ സംവിധാനങ്ങളിലെ തടസ്സങ്ങൾ, വിമാന സർവീസുകൾ റദ്ദാക്കാനുള്ള സാധ്യത എന്നിവ കണക്കിലെടുത്താണ് ഈ നിർണ്ണായക നീക്കം. ഇറാൻ-അമേരിക്കൻ ഇരട്ട പൗരത്വമുള്ളവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശമുണ്ട്. വിമാന സർവീസുകൾ ലഭ്യമല്ലെങ്കിൽ അർമേനിയ, തുർക്കി അതിർത്തികൾ വഴി കരമാർഗ്ഗം മടങ്ങാനും എംബസി പൗരന്മാരോട് ആവശ്യപ്പെട്ടു.

നിലവിൽ ഇറാൻ വിടാൻ സാധിക്കാത്തവർ സുരക്ഷിതമായ ഇടങ്ങളിൽ അഭയം തേടണം. പ്രതിഷേധങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാനും ആവശ്യത്തിന് ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ കരുതാനും ഫോണുകൾ എപ്പോഴും ചാർജ് ചെയ്ത് സൂക്ഷിക്കാനും നിർദ്ദേശമുണ്ട്. അമേരിക്കക്ക് ഇറാനുമായി നേരിട്ട് നയതന്ത്ര ബന്ധമില്ലാത്തതിനാൽ സ്വിസ് എംബസി വഴിയാണ് പൗരന്മാർക്കുള്ള വിവരങ്ങൾ കൈമാറുന്നത്. ആണവ കരാർ യാഥാർഥ്യമായില്ലെങ്കിൽ ‘അനിഷ്ടകരമായ കാര്യങ്ങൾ’ സംഭവിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒമാനിൽ നിർണ്ണായകമായ ആണവ ചർച്ചകൾ നടക്കാനിരിക്കെയാണ് ഈ നാടകീയ നീക്കങ്ങൾ. അറബിക്കടലിൽ യു.എസ് വിമാനവാഹിനിക്കപ്പലിന് സമീപം ഇറാനിയൻ ഡ്രോൺ വെടിവച്ചിട്ടത് ഉൾപ്പെടെയുള്ള സംഭവങ്ങൾ മേഖലയെ യുദ്ധഭീതിയുടെ നിഴലിലാക്കിയിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles