18.5 C
Saudi Arabia
Tuesday, February 10, 2026
spot_img

ജുബൈൽ മലയാളി സമാജം രക്തദാന ക്യാമ്പ് വിജയകരമായി സമാപിച്ചു

മലയാളി സമാജം രക്തദാന ക്യാമ്പ് വിജയകരമായി സമാപിച്ചു

ജുബൈൽ: സാമൂഹ്യ പ്രതിബദ്ധതയുടെയും മാനവികതയുടെയും സന്ദേശമുയർത്തി ജുബൈൽ മലയാളി സമാജം സംഘടിപ്പിച്ച നാലാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. അൽമന ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ ജുബൈലിലെ മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തം ദൃശ്യമായി.

സമാജം പ്രസിഡന്റ് തോമസ് മാത്യു മാമൂട്ടന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ ആദ്യ രക്തദാനം നിർവഹിച്ച് ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. രക്തദാനം ഒരു മഹത്തായ സേവനമാണെന്നും ഓരോ തുള്ളി രക്തവും ഒരു ജീവൻ രക്ഷിക്കാൻ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലേഡീസ് വിംഗ് പ്രസിഡന്റ് ആശ ബൈജു, ജനറൽ സെക്രട്ടറി നീതു രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നിരവധി വനിതകൾ രക്തദാനത്തിനായി മുന്നോട്ടുവന്നു. ഹീമോഗ്ലോബിൻ കുറവായതിനാൽ ചിലർക്ക് അവസരം ലഭിച്ചില്ലെങ്കിലും, ആരോഗ്യനില മെച്ചപ്പെടുത്തി വരും വർഷങ്ങളിൽ സജീവമാകുമെന്ന ഉറച്ച ആത്മവിശ്വാസത്തോടെയാണ് അവർ മടങ്ങിയത്.

സമാജം ഹെൽപ് ഡെസ്ക് അംഗങ്ങളായ സിസ്റ്റർ ബിബി രാജേഷ്, ബിന്ദു, സബിന നിസാം എന്നിവർ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. അൽമന ഹോസ്പിറ്റലിലെ മെഡിക്കൽ സംഘം മികച്ച സേവനം കാഴ്ചവെച്ചു. എബി ജോൺ, സുമോദ് മോഹൻ, ബിബി രാജേഷ് എന്നിവർ ക്യാമ്പ് ഏകോപിപ്പിച്ചു.
ഭരണസമിതി അംഗങ്ങളായ എബി ജോൺ ചറുവക്കൽ, സന്തോഷ് ചക്കിങ്കൽ, സുമോദ് മോഹൻ, രാജേഷ് തുടങ്ങി നിരവധി സമാജം അംഗങ്ങൾ രക്തം നൽകി മാതൃകയായി.

പ്രവൃത്തി ദിനമായിരുന്നിട്ടും ഒട്ടേറെ പ്രവാസികൾ സമയം കണ്ടെത്തി എത്തിയത് ക്യാമ്പിന്റെ വിജയത്തിന് കരുത്തേകി. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 7:30 ഓടെയാണ് സമാപിച്ചത്. സമാപന ചടങ്ങിൽ ട്രഷറർ സന്തോഷ് ചക്കിങ്കൽ നന്ദി രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles