20.2 C
Saudi Arabia
Monday, February 9, 2026
spot_img

സൗദി മീഡിയ ഫോറത്തിന് സമാപനം; 65,000-ത്തിലധികം സന്ദർശകരുമായി ഗിന്നസ് വേൾഡ് റെക്കോർഡ്

റിയാദ്: മൂന്ന് ദിവസം നീണ്ടുനിന്ന അഞ്ചാമത് സൗദി മീഡിയ ഫോറത്തിന് തലസ്ഥാനമായ റിയാദിൽ പ്രൗഢഗംഭീരമായ സമാപനം. ‘രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്തെ മാധ്യമങ്ങൾ’ എന്ന പ്രമേയത്തിൽ നടന്ന ചടങ്ങിൽ സൗദി മാധ്യമമന്ത്രി സൽമാൻ അൽ ദോസരി മുഖ്യാതിഥിയായിരുന്നു. ഫോറത്തിന്റെ ഭാഗമായി നടന്ന ഫ്യൂച്ചർ ഓഫ് മീഡിയ എക്സിബിഷനിൽ 65,603 സന്ദർശകർ എത്തിയതോടെ സൗദി മീഡിയ ഫോറം ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടംപിടിച്ചു. ലോകമെമ്പാടുമുള്ള മുന്നൂറോളം പ്രഭാഷകരും 250-ലധികം പ്രാദേശിക-അന്തർദ്ദേശീയ കമ്പനികളും പങ്കെടുത്ത ഈ സംഗമം ആഗോള മാധ്യമ ഭൂപടത്തിൽ സൗദി അറേബ്യയുടെ സ്വാധീനം ഉറപ്പിക്കുന്നതായി മാധ്യമ പ്രവർത്തകരും ഉദ്യോഗസ്ഥരും വിലയിരുത്തി.

സൃഷ്ടിപരമായ മികവിനെ ആഘോഷിക്കുന്ന വേദിയായി ഫോറം മാറിയെന്ന് സൗദി മീഡിയ ഫോറം ചെയർമാൻ മുഹമ്മദ് അൽ ഹാർത്തി സമാപന പ്രസംഗത്തിൽ പറഞ്ഞു. മീഡിയ ഇന്നൊവേഷൻ സെന്റർ, മാധ്യമ സംരംഭകരെ പിന്തുണയ്ക്കുന്ന ‘നുമു’ പ്രോഗ്രാം, സർവ്വകലാശാല വിദ്യാർഥികളെ ശാക്തീകരിക്കുന്നതിനുള്ള ‘മീഡിയ അംബാസഡേഴ്സ്’ തുടങ്ങി വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന നിരവധി പദ്ധതികളിലൂടെ ഫോറത്തെ ഒരു സുസ്ഥിര സ്ഥാപനമായി വളർത്താനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വികസനത്തിലും അവബോധം സൃഷ്ടിക്കുന്നതിലും മാധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമാപന ചടങ്ങിൽ വിവിധ വിഭാഗങ്ങളിലെ മാധ്യമ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ ഡോ. ഹുസൈൻ നജ്ജാറിനെ ‘മീഡിയ പേഴ്സണാലിറ്റി ഓഫ് ദി ഇയർ’ ആയി ആദരിച്ചു. ഗ്ലോബൽ ഇൻഫ്ലുവൻസർ അവാർഡ് കെ.എസ്. റിലീഫ് മേധാവി ഡോ. അബ്ദുള്ള അൽ റബീഹക്ക് ലഭിച്ചു. ജേണലിസ്റ്റിക് റിപ്പോർട്ട് വിഭാഗത്തിൽ ഖാലിദ് അൽ ബദറും, ഇന്റർവ്യൂ വിഭാഗത്തിൽ അബ്ദുൽ ഹാദി ഹബ്ത്തൂറും അവാർഡിന് അർഹരായി. സൗദി സാംസ്കാരിക മന്ത്രാലയത്തിന്റെ ‘പോഡ്കാസ്റ്റ് 1949’, ടൂറിസം ഡെവലപ്‌മെന്റ് ഫണ്ടിന്റെ ‘വാട്ട് ഹാവ് യു ഹേർഡ് എബൗട്ട് സൗദി അറേബ്യ?’ എന്നീ സൃഷ്ടികളും പുരസ്കാരങ്ങൾ നേടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള മാധ്യമ ഉള്ളടക്കങ്ങൾക്കും ഇത്തവണ പ്രത്യേക അംഗീകാരം നൽകി.

 

Related Articles

- Advertisement -spot_img

Latest Articles