അസം : സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ആവേശകരമായ കലാശപ്പോരിൽ കേരളത്തിന് തോൽവി. എക്സ്ട്രാ ടൈമിൽ വഴങ്ങിയ ഏക ഗോളിൽ കേരളത്തെ കീഴടക്കി സർവീസസ് തങ്ങളുടെ എട്ടാം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതിനെ ത്തുടർന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ (109-ാം മിനിറ്റ്) അഭിഷേക് പവാർ നേടിയ ഗോളാണ് മത്സരത്തിൽ നിർണ്ണായകമായത്.
നിശ്ചിത സമയത്ത് പന്തടക്കത്തിലും ആക്രമണത്തിലും കേരളം മികച്ചുനിന്നെങ്കിലും സർവീസസിന്റെ ശക്തമായ പ്രതിരോധം മറികടക്കാൻ ടീമിനായില്ല. ആദ്യ പകുതിയിൽ അർജുന്റെ ലോംഗ് റേഞ്ചർ പോസ്റ്റിൽ തട്ടിത്തെറിച്ചത് കേരളത്തിന് തിരിച്ചടിയായി. സെമിയിലെ ഹീറോ വിഘ്‌നേഷിന് പകരം ഷിജിനെ ആദ്യ ഇലവനിൽ ഇറക്കിയ പരീക്ഷണവുമായാണ് പരിശീലകൻ ഷഫീഖ് ഹസ്സൻ ടീമിനെ ഇറക്കിയത്. ഗ്രൂപ്പ് ഘട്ടത്തിലും കേരളത്തെ തോൽപ്പിച്ചിരുന്ന സർവീസസ്, ഫൈനലിലും അതേ ചരിത്രം ആവർത്തിക്കുകയായിരുന്നു. ഇതോടെ കിരീട നേട്ടത്തിൽ സർവീസസ് കേരളത്തിനൊപ്പമെത്തി. കേരളം സന്തോഷ് ട്രോഫി ഫൈനലിൽ തോൽക്കുന്ന ഒമ്പതാം തവണയാണിത്.



