കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കം 15 പേർക്ക് എച്ച്.ഐ.വി (HIV) ബാധ സ്ഥിരീകരിച്ചത് പ്രദേശത്ത് വലിയ ആശങ്കക്ക് കാരണമാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നടത്തിയ പരിശോധനകളിലാണ് ഇത്രയധികം പേരിൽ രോഗബാധ കണ്ടെത്തിയത്. ബാധിക്കപ്പെട്ടവരിൽ ഭൂരിഭാഗവും അതിഥി തൊഴിലാളികളാണെന്നും, ഇതിൽ മൂന്ന് പെൺകുട്ടികൾ ഉൾപ്പെടുന്നുണ്ടെന്നുമാണ് ആരോഗ്യവകുപ്പ് നൽകുന്ന സൂചന. ലഹരിമരുന്നിന്റെ ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളുമാണ് രോഗവ്യാപനത്തിന് പിന്നിലെന്ന സംശയം ശക്തമാണ്.
ലഹരി കുത്തിവെക്കാൻ ഒരേ സിറിഞ്ച് ഉപയോഗിക്കുന്നത് വഴി രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പും പോലീസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവർക്ക് ആവശ്യമായ ചികിത്സയും കൗൺസിലിംഗും ഉറപ്പാക്കാൻ നടപടികൾ ആരംഭിച്ചു. പ്രദേശത്തെ ലഹരിമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പോലീസ് കർശന പരിശോധന നടത്തിവരികയാണ്. രോഗവ്യാപനം തടയുന്നതിനായി കൂടുതൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും അതിഥി തൊഴിലാളികൾക്കിടയിൽ വിപുലമായ പരിശോധനകൾ നടത്താനും അധികൃതർ തീരുമാനിച്ചു.



