ഗുവാഹതി: കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിക്കും ഭാര്യ എലിസബത്ത് കോൾബണിനും പാക് ആസൂത്രണ കമീഷൻ ഉപദേഷ്ടാവ് അലി തൗഖീർ ശൈഖുമായി അടുത്ത ബന്ധമുണ്ടെന്ന ഗുരുതര ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രംഗത്തെത്തി. 2013-ൽ ഗൊഗോയ് രഹസ്യമായി പാകിസ്താൻ സന്ദർശിച്ചതായും അവിടെ പരിശീലനം നേടിയതായും സംശയിക്കുന്നതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എലിസബത്തും തൗഖീർ ശൈഖും ചേർന്ന് അന്താരാഷ്ട്ര ഗൂഢാലോചന നടത്തിയെന്നും രഹസ്യരേഖകൾ പങ്കുവെച്ചതായും 44 പേജുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് മുഖ്യമന്ത്രി അവകാശപ്പെട്ടു. വിഷയം അതീവ ഗൗരവമുള്ളതാണെന്നും കേസ് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ വെറും തരംതാഴ്ന്ന രാഷ്ട്രീയ നാടകമാണെന്ന് ഗൗരവ് ഗൊഗോയ് തിരിച്ചടിച്ചു. ഹിമന്ത ബിശ്വ ശർമയുടെ ആരോപണങ്ങൾ മൂന്നാംകിട സിനിമക്കഥയേക്കാൾ മോശമാണെന്നും ഇത് വൈകാതെ പൊളിഞ്ഞുപോകുമെന്നും അദ്ദേഹം പ്രതികരിച്ചു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കമാണിതെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ഏപ്രിലിൽ അസമിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഈ വിവാദം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.



