ലഖ്‌നൗ: ബാബറി മസ്ജിദ് ലോകാവസാനം വരെയും പുനർനിർമിക്കപ്പെടില്ലെന്നും അത്തരം സ്വപ്നങ്ങൾ കാണുന്നവരുടെ ആഗ്രഹം ഒരിക്കലും യാഥാർഥ്യമാകില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബരാബങ്കിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രത്തിൽ കാവി പതാക ഉയർത്തിയത് സനാതന ധർമ്മത്തിന്റെ വിജയ പ്രതീകമാണെന്നും ഇന്ത്യയും സനാതന ധർമ്മവും വേർപിരിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിൽ ബാബറി മസ്ജിദിന്റെ മാതൃകയിൽ പള്ളി പണിയാനുള്ള നീക്കങ്ങൾക്കെതിരെ ഹിന്ദുത്വ സംഘടനകൾ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് യോഗിയുടെ ഈ പരാമർശം.
തങ്ങൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്ന സർക്കാരാണിതെന്ന് യോഗി അവകാശപ്പെട്ടു. “രാം ലല്ലയ്ക്കായി ഞങ്ങൾ വരുമെന്നും അതേ സ്ഥലത്തുതന്നെ ക്ഷേത്രം നിർമിക്കുമെന്നും പറഞ്ഞിരുന്നു, അതിൽ ഇപ്പോൾ ആർക്കെങ്കിലും സംശയമുണ്ടോ?” എന്ന് അദ്ദേഹം ചോദിച്ചു. രാമഭക്തർക്ക് നേരെ വെടിയുതിർത്തവർക്കും ക്ഷേത്രനിർമ്മാണത്തിന് തടസ്സം നിന്നവർക്കും ഇനി രാഷ്ട്രീയത്തിൽ സ്ഥാനമില്ലെന്നും അദ്ദേഹം പരിഹസിച്ചു. നിയമം ലംഘിച്ച് സ്വർഗത്തിൽ എത്താമെന് കരുതുന്നവർ നരകത്തിലേക്കാണ് പോകുന്നതെന്നും, ജനങ്ങൾ നിയമം അനുസരിച്ച് ജീവിക്കാൻ പഠിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2017-ന് മുൻപ് കലാപങ്ങളും സ്ത്രീ സുരക്ഷാ പ്രശ്നങ്ങളും പതിവായിരുന്ന ഉത്തർപ്രദേശിൽ ഇപ്പോൾ സുരക്ഷിതമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.



