ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ ആത്മകഥയായ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) പ്രസിദ്ധീകരിക്കില്ലെന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ വ്യക്തമാക്കി. പുസ്തകം ഇതുവരെ ഒരു രൂപത്തിലും പുറത്തിറക്കിയിട്ടില്ലെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു. പുസ്തകത്തിലെ ഉള്ളടക്കം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചതും ഇതിന്റെ ഡിജിറ്റൽ പകർപ്പുകൾ ഇന്റർനെറ്റിലൂടെ അനധികൃതമായി പ്രചരിച്ചതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് പ്രസാധകരുടെ ഈ വിശദീകരണം.
അംഗീകൃത അതോറിറ്റികളിൽ നിന്നുള്ള ആവശ്യമായ ക്ലിയറൻസ് ലഭിക്കാതെയാണ് പുസ്തകത്തിന്റെ ഭാഗങ്ങൾ പ്രചരിക്കുന്നതെന്ന നിഗമനത്തിലാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ പി.ഡി.എഫ് പകർപ്പുകൾ ചില വെബ്‌സൈറ്റുകളിൽ ലഭ്യമാണെന്ന് പോലീസ് കണ്ടെത്തുകയും അവ നീക്കം ചെയ്യാൻ നടപടി തുടങ്ങുകയും ചെയ്തിട്ടുണ്ട്. അഗ്നിപഥ് പദ്ധതി ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ പുസ്തകത്തിലുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. വിവാദങ്ങൾ കടുത്തതോടെയാണ് പുസ്തകം പുറത്തിറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പ്രസാധകർ എത്തിയത്.



