തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം ബോർഡിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചതായി ഓഡിറ്റ് റിപ്പോർട്ട്. സംഗമത്തിനായി ബോർഡ് ചെലവഴിച്ച 3.40 കോടി രൂപ കണ്ടെത്താൻ സ്പോൺസർഷിപ്പ് വഴി സാധിച്ചില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. സർക്കാർ ഫണ്ട് ഇതിനായി ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിക്കപ്പെട്ടതായും ഫണ്ട് വിനിയോഗത്തിൽ ബോർഡിന് ഗുരുതരമായ വീഴ്ച പറ്റിയതായും ഓഡിറ്റ് വിഭാഗം കണ്ടെത്തി. അയ്യപ്പസംഗമത്തിന് ആവശ്യമായ തുക സ്പോൺസർഷിപ്പിലൂടെ മാത്രമേ കണ്ടെത്താവൂ എന്ന് കോടതി കർശനമായി നിർദ്ദേശിച്ചിരുന്നു.
എട്ട് കോടി രൂപയോളം ചെലവ് വരുമെന്ന് നേരത്തെ ദേവസ്വം മന്ത്രി അറിയിച്ചിരുന്നെങ്കിലും ഈ തുക എപ്രകാരമാണ് കണ്ടെത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇതിനിടെ, അയ്യപ്പസംഗമത്തിലെ സാമ്പത്തിക ഇടപാടുകൾ ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പരിധിയിലേക്ക് വരുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സംഗമം സംഘടിപ്പിക്കാനുള്ള തീരുമാനം സംബന്ധിച്ച വിവരങ്ങളൊന്നും ദേവസ്വം ബോർഡ് യോഗത്തിന്റെ മിനിറ്റ്‌സിൽ ഇല്ലെന്ന് എസ്.ഐ.ടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതായാണ് വിവരം. ഇതോടെ സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കും സാധ്യതയേറി.



