27.5 C
Saudi Arabia
Wednesday, February 11, 2026
spot_img

സമാധാന സംഘത്തിന്റെ ഭാഗമായി എപ്‌സ്റ്റീനെ കണ്ടിട്ടുണ്ട്; ആരോപണങ്ങൾ തള്ളി ഹർദീപ് സിംഗ് പുരി

ന്യൂഡൽഹി: വിവാദമായ എപ്‌സ്റ്റീൻ ഫയലുകളിൽ തന്റെ പേര് പരാമർശിച്ചെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ നിഷേധിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ) പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് താൻ ജെഫ്രി എപ്‌സ്റ്റീനെ കണ്ടിട്ടുള്ളതെന്നും തന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധമില്ലാത്ത കാര്യങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഐ.പി.ഐ മേധാവിയായിരുന്ന ടെർജെ റോഡ് ലാർസൻ വഴിയാണ് എപ്‌സ്റ്റീനെ പരിചയപ്പെട്ടതെന്നും പരമാവധി മൂന്നോ നാലോ തവണ മാത്രമേ കൂടിക്കാഴ്ച നടത്തിയിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

താൻ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ അംബാസഡറായിരുന്ന കാലത്തെ വിവരങ്ങൾ പരിശോധിച്ചാൽ മൂന്ന് ദശലക്ഷത്തിലധികം ഇമെയിലുകളിൽ വെറും രണ്ട് തവണ മാത്രമാണ് തന്റെ പേര് പരാമർശിച്ചിട്ടുള്ളതെന്ന് കാണാം. ഇന്ത്യയിലെ ഇന്റർനെറ്റ് അധിഷ്ഠിത സാമ്പത്തിക സാധ്യതകളെക്കുറിച്ചുള്ള ഇമെയിൽ വിനിമയങ്ങളായിരുന്നു അവയെന്നും മന്ത്രി വിശദീകരിച്ചു. എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചോ അധാർമിക പ്രവർത്തനങ്ങളെക്കുറിച്ചോ തനിക്ക് അറിവില്ലായിരുന്നു. പേര് പരാമർശിച്ചതുകൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ലെന്നും എപ്‌സ്റ്റീൻ കേസിലെ ഇരകൾ ആരാണെന്ന് രാഹുൽ ഗാന്ധി ശരിയായി പഠിക്കണമെന്നും പുരി കൂട്ടിച്ചേർത്തു. ലോകനേതാക്കൾ ഉൾപ്പെട്ട എപ്‌സ്റ്റീൻ ഫയലുകളിൽ കേന്ദ്രമന്ത്രിയുടെ പേരും ഉണ്ടെന്ന് രാഹുൽ ഗാന്ധി പാർലമെന്റിൽ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ ഈ വിശദീകരണം.

Related Articles

- Advertisement -spot_img

Latest Articles