ധാക്ക: ബംഗ്ലാദേശിൽ പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വിവിധ ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിന് ശേഷം നടക്കുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിനിടെയാണ് നാടിനെ നടുക്കിയ അക്രമസംഭവങ്ങൾ അരങ്ങേറുന്നത്. മുൻഷിഗഞ്ച് സദർ ഉപസിലയിലെ മഖാതി ഗുരുചരൺ ഹൈസ്കൂളിലെ പോളിംഗ് സ്റ്റേഷന് സമീപമാണ് ക്രൂഡ് ബോംബ് സ്ഫോടനം നടന്നത്. രണ്ട് വിരുദ്ധ സ്ഥാനാർഥികളുടെ അനുയായികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ബോംബേറുണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചു.
സ്ഫോടനത്തെത്തുടർന്ന് പ്രദേശത്ത് പോലീസും പ്രതിഷേധക്കാരും തമ്മിൽ കനത്ത ഏറ്റുമുട്ടലുണ്ടായി. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും പോളിംഗ് സ്റ്റേഷനുകൾ പിടിച്ചെടുക്കാൻ ശ്രമം നടന്നതായും ഇതിനെത്തുടർന്ന് പോലീസ് വെടിവെപ്പിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും വാർത്തകളുണ്ട്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ബോംബ് സ്ഫോടനങ്ങൾ നടന്നത് വോട്ടർമാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. അക്രമം തടയാനും സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാനും സൈന്യത്തെയും അർദ്ധസൈനിക വിഭാഗത്തെയും കൂടുതൽ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.



