ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങുന്നതിനുള്ള നിർണ്ണായക കരാറിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. ഏകദേശം 3.25 ലക്ഷം കോടി രൂപ (280.4 ബില്യൺ ഡോളർ) ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹത്തായ പദ്ധതിക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) ആണ് വ്യാഴാഴ്ച പച്ചക്കൊടി കാട്ടിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് രാജ്യത്തെ ഏറ്റവും വലിയ ഈ പ്രതിരോധ കരാർ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
പുതിയ കരാർ പ്രകാരം 18 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നേരിട്ട് (Fly-away condition) വാങ്ങും. ബാക്കിയുള്ള 96 വിമാനങ്ങൾ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് തീരുമാനം. വ്യോമസേനയുടെ ഫൈറ്റർ സ്ക്വാഡ്രണുകളുടെ എണ്ണം വർദ്ധിപ്പിക്കാനും മിഗ്-21 അടക്കമുള്ള പഴയ വിമാനങ്ങൾ ഒഴിവാക്കുമ്പോഴുണ്ടാകുന്ന വിടവ് നികത്താനും ഈ നീക്കം സഹായിക്കും. നിലവിൽ ഇന്ത്യയുടെ പക്കൽ 36 റഫാൽ വിമാനങ്ങളാണുള്ളത്. പുതിയ കരാറിലൂടെ ഇത് 150-ലധികം ആയി ഉയരും. ഇതിന് പുറമെ നാവികസേനയ്ക്കായി 26 റഫാൽ-എം വിമാനങ്ങൾ വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സമുദ്ര നിരീക്ഷണത്തിനുള്ള ആറ് പി-8ഐ വിമാനങ്ങൾ അമേരിക്കയിൽ നിന്ന് വാങ്ങാനും കൗൺസിൽ അനുമതി നൽകിയിട്ടുണ്ട്.



