കൊല്ലം: ഇരവിപുരത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ജ്യേഷ്ഠൻ കൊല്ലപ്പെട്ടു. ഇരവിപുരം സ്വദേശി അനിൽ (45) ആണ് അനിയന്റെ മർദ്ദനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ കെനിലിനെ ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. വീട്ടിലുണ്ടായ നിസ്സാരമായ തർക്കം അക്രമാസക്തമാവുകയും കെനിൽ മാരകായുധം ഉപയോഗിച്ച് അനിലിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു എന്ന് പോലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ അനിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. കൊല്ലപ്പെട്ട അനിലിനും പ്രതിയായ കെനിലിനും നേരത്തെ തന്നെ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും ഇരുവരും ഇതിനായി ചികിത്സ തേടിയിരുന്നതായും പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസ് കെനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്.



