ജുബൈൽ: റമദാൻ മാസത്തിൽ അർഹരായവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ജുബൈൽ മലയാളി സമാജം സംഘടിപ്പിക്കുന്ന ഏഴാമത് റമദാൻ കിറ്റ് വിതരണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ സ്പോൺസർമാരിൽ നിന്നുള്ള കിറ്റുകൾ ഔപചാരികമായി ഏറ്റുവാങ്ങുന്ന ചടങ്ങ് ജുബൈലിൽ നടന്നു.
സമാജം പ്രസിഡന്റ് തോമസ് മാത്യു മമ്മൂടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഉമ്മർ സഖാഫി മൂർക്കനാട് ഉദ്ഘാടനം ചെയ്തു. സമൂഹസേവന രംഗത്ത് ജുബൈൽ മലയാളി സമാജം നടത്തുന്ന ഇടപെടലുകൾ മാതൃകാപരമാണെന്നും, വിശുദ്ധ മാസത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് ഇത്തരം സഹായങ്ങൾ വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന സ്പോൺസർമാരായ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന് വേണ്ടി ഏരിയ മാനേജർ രാംദാസ് കൈമാറിയ കിറ്റുകൾ ഇന്ത്യൻ എംബസി കോ-ഓർഡിനേറ്റർ സൈഫുദ്ദീൻ പൊറ്റശ്ശേരി ഏറ്റുവാങ്ങി. സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റിന്റെ ജുബൈൽ ഏരിയ മാനേജർ ഹനീഫ കമ്പയത്തിൽ നിന്നും പ്രസിഡന്റ് തോമസ് മമ്മൂടനും കിറ്റുകൾ കൈപ്പറ്റി. കുൽഫി ബ്രോസ്റ്റഡ് ഉടമ ഷാജഹാനിൽ നിന്നും സമാജം വനിതാ വിംഗ് പ്രസിഡന്റ് ആശ ബൈജു, രക്ഷാധികാരി സാറാഭായ് സൈഫുദ്ദീൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
സലാം ആലപ്പുഴ, ഡോ. ജൗഷീദ്, അബ്ദുൽ റൗഫ്, ശിഹാബ് മങ്ങാടൻ, ഷജീർ തച്ചമ്പാറ, രഞ്ജിത്ത്, ഷെഫീക്ക് താനൂർ, ഹമീദ് പയ്യോളി, ബെൻസൺ, തുടങ്ങിയ സാമൂഹിക പ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളും ആശംസകൾ അർപ്പിച്ചു. റമദാൻ മാസത്തിൽ തന്നെ കിറ്റുകൾ അർഹരായവരിലേക്ക് എത്തിക്കാനുള്ള വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും സന്തോഷ് ചക്കിങ്ങൽ നന്ദിയും രേഖപ്പെടുത്തി. അഡ്വ. ജോസഫ് മാത്യു മമ്മൂടൻ, എബി ജോൺ ചെറുവക്കൽ, ഹാരിസ്, റിയാസ് എൻ.പി., മുബാറക് ഷാജഹാൻ, ഗിരീഷ്, സുമോദ് മോഹൻ, ജാഫർ താനൂർ, ഷൈലകുമാർ, ഫരീദ ഹാരിസ് എന്നിവർ നേതൃത്വം നൽകി.



