റിയാദ്: സൗദി അറേബ്യയുടെ ‘എക്സപ്ഷണൽ ടാലന്റ്’ പ്രീമിയം ഇഖാമ പദ്ധതിക്ക് കീഴിൽ അർഹരായ വിദേശ ജീവനക്കാരെ ഉൾപ്പെടുത്തുന്നതിനായി 1028 സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് ഭരണകൂടം അംഗീകാരം നൽകി. നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന വിദഗ്ധരായ വിദേശി ജീവനക്കാർക്ക് ഈ സ്ഥാപനങ്ങൾ വഴി പ്രീമിയം ഇഖാമക്ക് അപേക്ഷിക്കാനാകും. ശാസ്ത്രം, ഭരണനിർവഹണം, ഗവേഷണം എന്നീ മേഖലകളിൽ ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലുകളെ ആകർഷിക്കുന്നതിലൂടെ രാജ്യത്തിന്റെ പ്രാദേശിക ശേഷി വർദ്ധിപ്പിക്കുകയും അറിവ് കൈമാറ്റം സുഗമമാക്കുകയുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ ഉത്തരവ് പ്രകാരം, ഗവേഷകർക്കും ആരോഗ്യ-ശാസ്ത്ര മേഖലയിലുള്ളവർക്കും എക്സിക്യൂട്ടീവ് തസ്തികകളിൽ ഉള്ളവർക്കുമാണ് പ്രധാനമായും ഈ ആനുകൂല്യം ലഭിക്കുക. ആരോഗ്യ-ശാസ്ത്ര മേഖലയിലുള്ളവർക്ക് പ്രതിമാസം കുറഞ്ഞത് 35,000 റിയാൽ ശമ്പളവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. എക്സിക്യൂട്ടീവ് തസ്തികയിലുള്ളവർക്ക് പ്രതിമാസം 80,000 റിയാൽ ശമ്പളവും ഔദ്യോഗിക ശുപാർശ കത്തും നിർബന്ധമാണ്. 4,000 റിയാൽ ഫീസ് നൽകി അഞ്ച് വർഷത്തേക്ക് ലഭിക്കുന്ന ഇഖാമ നിശ്ചിത കാലയളവിന് ശേഷം പെർമനന്റ് റെസിഡൻസിയായി മാറ്റാനും സാധിക്കും. ആശ്രിത നികുതിയിൽ നിന്നുള്ള ഒഴിവാക്കൽ, വിസയില്ലാതെ രാജ്യം വിടാനും തിരികെ വരാനുമുള്ള സൗകര്യം തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ഈ റെസിഡൻസി ഉടമകൾക്ക് ലഭിക്കും.



