റിയാദ്: സൗദി അറേബ്യയിലെ കര, കടൽ, വ്യോമ അതിർത്തികൾ വഴി കടത്താൻ ശ്രമിച്ച 1,455 നിരോധിത വസ്തുക്കൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പിടിച്ചെടുത്തതായി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഹാഷിഷ്, കൊക്കെയ്ൻ, ഹെറോയിൻ, മെത്താംഫെറ്റമിൻ, കാപ്റ്റഗൺ ഗുളികകൾ എന്നിവയുൾപ്പെടെ 46 തരം മയക്കുമരുന്നുകളും ആയുധങ്ങളും മറ്റ് 536,558 നിരോധിത പദാർത്ഥങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ലഹരിവസ്തുക്കൾക്ക് പുറമെ പുകയില ഉൽപ്പന്നങ്ങളുടെ 2,532 പാക്കറ്റുകളും അനധികൃതമായി കടത്താൻ ശ്രമിച്ച പണം ഉൾപ്പെട്ട 28 കേസുകളും മൂന്ന് തരം ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും കസ്റ്റംസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനുമായി കയറ്റുമതി-ഇറക്കുമതി മേഖലകളിൽ കസ്റ്റംസ് നിയന്ത്രണം കൂടുതൽ ശക്തമാക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഇതിനായി വിവിധ സർക്കാർ ഏജൻസികളുമായി ചേർന്ന് ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. നിയമലംഘനങ്ങൾ തടയുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും ആധുനിക സംവിധാനങ്ങൾ അതിർത്തികളിൽ സജ്ജമാക്കിയിട്ടുണ്ടെന്നും നിരോധിത വസ്തുക്കൾ കടത്താനുള്ള ഏതൊരു നീക്കത്തെയും കർശനമായി നേരിടുമെന്നും അധികൃതർ ആവർത്തിച്ചു.



