മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണം സ്വാഭാവികമല്ലെന്നും അതീവ രഹസ്യമായി നടപ്പിലാക്കിയ കൊലപാതകമാണെന്നും വെളിപ്പെടുത്തി അന്താരാഷ്ട്ര മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ‘ദി ഇൻസൈഡർ’. നവാൽനിയുടെ മരണവുമായി ബന്ധപ്പെട്ട് റഷ്യൻ അധികൃതർ പുറത്തുവിട്ട ഔദ്യോഗിക രേഖകളിൽ തിരുത്തലുകൾ വരുത്തിയതായും അന്വേഷണ സംഘം കണ്ടെത്തി. ആർട്ടിക് ജയിലിൽ വെച്ച് നവാൽനി കുഴഞ്ഞുവീണപ്പോൾ അദ്ദേഹത്തിന് കഠിനമായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതായി നേരത്തെയുള്ള രേഖകളിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് പുറത്തുവിട്ട റിപ്പോർട്ടുകളിൽ നിന്ന് ഈ ഭാഗങ്ങൾ ബോധപൂർവ്വം നീക്കം ചെയ്തതായാണ് പുതിയ വെളിപ്പെടുത്തൽ.
വിഷപ്രയോഗത്തിന്റെ ലക്ഷണങ്ങളാണ് നവാൽനി പ്രകടിപ്പിച്ചിരുന്നതെന്ന് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നവാൽനിയുടെ മരണകാരണം ഹൃദയസ്തംഭനമാണെന്ന റഷ്യൻ സർക്കാരിന്റെ വാദം തെറ്റാണെന്ന് സ്ഥാപിക്കുന്നതാണ് പുതിയ തെളിവുകൾ. അദ്ദേഹത്തിന്റെ വസ്ത്രങ്ങളിൽ നിന്നും ശരീരത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. പുടിൻ ഭരണകൂടത്തിന്റെ കടുത്ത വിമർശകനായിരുന്ന നവാൽനിയെ ഇല്ലാതാക്കാൻ ആസൂത്രിതമായ നീക്കം നടന്നുവെന്ന ആരോപണത്തിന് ഈ കണ്ടെത്തലുകൾ കരുത്തുപകരുന്നു. അന്താരാഷ്ട്ര തലത്തിൽ റഷ്യക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയരാൻ ഈ പുതിയ വെളിപ്പെടുത്തൽ കാരണമായിട്ടുണ്ട്.



