പത്തനംതിട്ട: മരണത്തിലും അഞ്ച് കുരുന്നുകൾക്ക് പുതുജീവൻ പകുത്തുനൽകി വിടവാങ്ങിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് നാട് കണ്ണീരോടെ യാത്രാമൊഴി നൽകി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളിയിലായിരുന്നു സംസ്കാര ചടങ്ങുകൾ. മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിൻ, കഴിഞ്ഞ അഞ്ചിന് എം.സി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നത്. ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു.
രാവിലെ എട്ടുമണിയോടെ മല്ലപ്പള്ളിയിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു. പള്ളിയിൽ നടന്ന ചടങ്ങുകളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രി വീണാ ജോർജ് എന്നിവരടക്കം രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഗാർഡ് ഓഫ് ഓണർ നൽകിയാണ് കൊച്ചുമാലാഖയെ സംസ്കരിച്ചത്. ആലിൻ നൽകിയ അവയവങ്ങളിലൂടെ പത്തു വയസ്സുകാരി ശ്രേയയും ആറുമാസം പ്രായമുള്ള ധ്രിയയും ഉൾപ്പെടെയുള്ളവർ ജീവിതത്തിലേക്ക് മടങ്ങിവരികയാണ്. കുട്ടിയുടെ ഹൃദയവാൽവ് ശ്രീചിത്ര ആശുപത്രിയിലും നേത്രപടലങ്ങൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും വരുംദിവസങ്ങളിൽ സ്വീകർത്താക്കൾക്കായി ഉപയോഗിക്കാൻ സൂക്ഷിച്ചിരിക്കുകയാണ്.



