16.6 C
Saudi Arabia
Sunday, February 15, 2026
spot_img

ലോക്സഭാ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം: ചർച്ചയും വോട്ടെടുപ്പും മാർച്ച് ഒമ്പതിന്

ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ മാർച്ച് ഒമ്പതിന് ചർച്ചയും വോട്ടെടുപ്പും നടക്കും. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്ന അന്നേ ദിവസം തന്നെ പ്രമേയം സഭ പരിഗണിക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. സഭാ ചട്ടപ്രകാരം അവിശ്വാസ പ്രമേയത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അതിനാൽ അന്നുതന്നെ ചർച്ചകൾക്ക് തുടക്കമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സഭയിൽ പ്രതിഷേധങ്ങൾ തുടരുന്നത് പ്രതിപക്ഷത്തിന് തന്നെ തിരിച്ചടിയാകുമെന്നും സഭാ നടപടികളുമായി സഹകരിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നൽകാതിരിക്കുക, പ്രതിപക്ഷാംഗങ്ങളോട് പക്ഷപാതപരമായ നിലപാട് സ്വീകരിക്കുക, എം.പിമാരെ ഏകപക്ഷീയമായി സസ്പെൻഡ് ചെയ്യുക തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം പ്രമേയത്തിന് നോട്ടീസ് നൽകിയത്. കൂടാതെ, നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച വനിതാ എം.പിമാർക്കെതിരെ സ്പീക്കർ അസത്യം പ്രചരിപ്പിച്ചുവെന്ന ഗുരുതരമായ പരാതിയും പ്രതിപക്ഷ നിരയിലുണ്ട്. സ്പീക്കറുടെ നടപടികളിൽ പ്രതിഷേധം ശക്തമായിരിക്കുന്ന പശ്ചാത്തലത്തിൽ മാർച്ച് ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പ് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്.

Related Articles

- Advertisement -spot_img

Latest Articles