16.6 C
Saudi Arabia
Sunday, February 15, 2026
spot_img

വെസ്റ്റ് ബാങ്കിലെ ഫലസ്‌തീൻ ഭൂമി സർക്കാർ സ്വത്തായി രജിസ്റ്റർ ചെയ്യാൻ ഇസ്രായേൽ അംഗീകാരം നൽകി

ജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ വിശാലമായ ഫലസ്‌തീൻ ഭൂപ്രദേശങ്ങൾ ‘സർക്കാർ സ്വത്തായി’ രജിസ്റ്റർ ചെയ്യാനുള്ള നിർദ്ദേശത്തിന് ഇസ്രായേൽ സർക്കാർ അംഗീകാരം നൽകി. 1967-ൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുത്ത ശേഷം ഇതാദ്യമായാണ് ഇത്തരമൊരു നീക്കം. ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച്, നീതിന്യായ മന്ത്രി യാരിവ് ലെവിൻ, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് എന്നിവർ സമർപ്പിച്ച നിർദ്ദേശത്തിനാണ് ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. 2030-ഓടെ വെസ്റ്റ് ബാങ്കിലെ ‘ഏരിയ സി’ മേഖലയുടെ 15 ശതമാനത്തോളം ഭാഗം ഇസ്രായേൽ നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

സ്വകാര്യ ഉടമസ്ഥാവകാശം തെളിയിക്കപ്പെടാത്ത എല്ലാ ഭൂമിയും ഇതോടെ സർക്കാർ ഭൂമിയായി മാറും. ഇസ്രായേൽ നിയമം ഔദ്യോഗികമായി അവിടെ നടപ്പിലാക്കിയില്ലെങ്കിലും, ഭൂമി രജിസ്ട്രി നടപടികളിലൂടെ വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ സ്വാധീനം ശക്തമാക്കാൻ ഈ തീരുമാനം സഹായിക്കും. പലസ്തീൻ അതോറിറ്റിയെ ഇത്തരം നടപടികളിൽ നിന്ന് വിലക്കിക്കൊണ്ട് സിവിൽ അഡ്മിനിസ്ട്രേഷൻ വഴിയായിരിക്കും ഭൂമി ഇടപാടുകളും ഫീസ് പിരിക്കലും ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കുക. വെസ്റ്റ് ബാങ്കിനെ ഔദ്യോഗികമായി ഇസ്രായേലിനോട് കൂട്ടിച്ചേർക്കുന്നതിനുള്ള നീക്കമാണിതെന്ന് പലസ്തീൻ പക്ഷം ആരോപിക്കുന്നു. ഇസ്രായേൽ അധിനിവേശം നിയമവിരുദ്ധമാണെന്ന് 2024 ജൂലൈയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) വിധി പുറപ്പെടുവിച്ചിരുന്നുവെങ്കിലും അത് അവഗണിച്ചാണ് ഇസ്രായേൽ പുതിയ നടപടികളുമായി മുന്നോട്ട് പോകുന്നത്.

Related Articles

- Advertisement -spot_img

Latest Articles