15.3 C
Saudi Arabia
Monday, February 16, 2026
spot_img

ബിജെപി നേതാവിന്റെ പരാതി വ്യാജം; പൗരത്വമില്ലെന്ന ആരോപണത്തിൽ നിയമനടപടിക്ക് ഒരുങ്ങി കലക്ടർ

കാസറഗോഡ്: കാസറഗോഡ് സ്വദേശിക്ക് ഇന്ത്യൻ പൗരത്വമില്ലെന്ന് ചൂണ്ടികാട്ടി ബിജെപി നേതാവ് നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കർശന നിയമനടപടിക്കൊരുങ്ങി ജില്ലാ കലക്ടർ കെ. ഇമ്പശേഖർ. മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിനെതിരെ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ട നൽകിയ പരാതിയാണ് അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞത്. മുഹമ്മദിന് പൗരത്വമില്ലെന്നും അതിനാൽ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഫോം-7 പ്രകാരമാണ് ബിജെപി നേതാവ് പരാതി നൽകിയിരുന്നത്. എന്നാൽ, ഇതിന്മേൽ നടത്തിയ ഹിയറിങ്ങിൽ ആരോപണത്തെ സാധൂകരിക്കുന്ന ഒരു തെളിവും ഹാജരാക്കാൻ പരാതിക്കാരന് സാധിച്ചില്ല.

തെറ്റായ വിവരങ്ങൾ നൽകി അധികൃതരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സാഹചര്യത്തിൽ ലോകേഷ് ലോണ്ടക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് കലക്ടർ വ്യക്തമാക്കി. അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ മുഹമ്മദിന്റെ പേര് വോട്ടർപട്ടികയിൽ നിലനിർത്താൻ ഇലക്ഷൻ രജിസ്ട്രേഷൻ ഓഫിസർ ഉത്തരവിട്ടു. വോട്ടർപട്ടികയിൽ എതിർപ്പ് അറിയിക്കാൻ പൗരന്മാർക്ക് നിയമപരമായ അവകാശമുണ്ടെങ്കിലും അത് വ്യാജവിവരങ്ങൾ നൽകി ദുരുപയോഗം ചെയ്താൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി.

 

Related Articles

- Advertisement -spot_img

Latest Articles