15.3 C
Saudi Arabia
Monday, February 16, 2026
spot_img

ശബരിമല യുവതീ പ്രവേശനം; പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ വാദം തുടങ്ങും

ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് വാദം കേൾക്കും. കേസുമായി ബന്ധപ്പെട്ട് സർക്കാർ ഉൾപ്പെടെയുള്ള കക്ഷികൾ മാർച്ച് 14-നകം തങ്ങളുടെ നിലപാട് അറിയിക്കണമെന്നും വാദങ്ങൾ എഴുതി നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ ബെഞ്ചിലെ അംഗങ്ങളെ നിശ്ചയിക്കും. മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വരനാണ് കേസിൽ അമിക്കസ് ക്യൂറിയായി പ്രവർത്തിക്കുന്നത്.

ഏപ്രിൽ ഏഴ് മുതൽ ഒൻപത് വരെ വിധിയിൽ പുനഃപരിശോധന ആവശ്യപ്പെടുന്നവരുടെയും, 14 മുതൽ 16 വരെ അതിനെ എതിർക്കുന്നവരുടെയും വാദങ്ങൾ നടക്കും. ഏപ്രിൽ 21-ന് മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും 22-ഓടെ വാദം പൂർത്തിയാക്കാനുമാണ് കോടതി ലക്ഷ്യമിടുന്നത്. ശബരിമല യുവതീ പ്രവേശനം ഉൾപ്പെടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 67 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.

ഇതിനൊപ്പം മുസ്‌ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, പാഴ്സി സ്ത്രീകളുടെ അവകാശങ്ങൾ, ദാവൂദ്-ബോറ സമൂഹത്തിലെ ആചാരങ്ങൾ തുടങ്ങിയ മതപരമായ വിഷയങ്ങളും ഭരണഘടനാ ബെഞ്ച് പരിശോധിക്കും. 2020-ൽ വാദം തുടങ്ങാനിരുന്നതാണെങ്കിലും കോവിഡ് വ്യാപനം മൂലം നടപടികൾ നീണ്ടുപോകുകയായിരുന്നു. മതാചാരങ്ങളും ഭരണഘടനാപരമായ തുല്യാവകാശവും തമ്മിലുള്ള നിയമപരമായ തർക്കത്തിൽ കോടതിയുടെ ഈ തീരുമാനം നിർണ്ണായകമാകും.

 

Related Articles

- Advertisement -spot_img

Latest Articles