റിയാദ്: അധിനിവേശ വെസ്റ്റ് ബാങ്കിന് മേൽ നിയന്ത്രണം ശക്തമാക്കാനുള്ള ഇസ്രായേൽ മന്ത്രിസഭയുടെ തീരുമാനം മേഖലയിലെ സമാധാന ശ്രമങ്ങളെയും സ്ഥിരതയെയും തുരങ്കം വെക്കുന്നതാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങളിൽ കൂടുതൽ നിയന്ത്രണം ഏറ്റെടുക്കുന്നതിനും കുടിയേറ്റക്കാർക്ക് ഭൂമി വാങ്ങുന്നത് എളുപ്പമാക്കുന്നതിനുമുള്ള നടപടികൾക്ക് ഇസ്രായേൽ മന്ത്രിസഭ ഞായറാഴ്ചയാണ് അംഗീകാരം നൽകിയത്. ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേലിന് യാതൊരു അവകാശവുമില്ലെന്നും, ഇത്തരം തീരുമാനങ്ങൾ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ‘ദ്വിരാഷ്ട്ര പരിഹാര’ ശ്രമങ്ങളെ ഇല്ലാതാക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ നടപടിയെ ‘യഥാർഥ അധിനിവേശം’ എന്നാണ് ഫലസ്തീൻ അധികൃതർ വിശേഷിപ്പിച്ചത്. ഇസ്രായേലിന്റെ ഏകപക്ഷീയമായ ഇത്തരം തീരുമാനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് മേഖലയിൽ കൂടുതൽ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.



