15.3 C
Saudi Arabia
Monday, February 16, 2026
spot_img

റിയാദിൽ സ്ഥാപക ദിനാഘോഷങ്ങൾക്ക് ഉജ്ജ്വല സമാപ്തി; പൈതൃക സ്മരണകളുമായി ആയിരങ്ങൾ അണിനിരന്നു

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് റിയാദിൽ സംഘടിപ്പിച്ച വിപുലമായ ആഘോഷപരിപാടികൾക്ക് സമാപനമായി. റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരന്റെ രക്ഷാകർതൃത്വത്തിൽ ഖസ്റുൽ ഹികം ഡിസ്ട്രിക്റ്റിൽ നടന്ന രണ്ട് ദിവസം നീണ്ടുനിന്ന പൈതൃക-സാംസ്കാരിക പരിപാടികളോടെയാണ് ആഘോഷങ്ങൾ പൂർത്തിയായത്. റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരനും സമാപന ചടങ്ങുകളിൽ പങ്കെടുത്തു. സൗദി ഭരണകൂടത്തിന്റെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന വിവിധ പരിപാടികൾ റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയാണ് ഗവർണറേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചത്.

ആഘോഷങ്ങളുടെ ഭാഗമായി അൽ മസ്മക് കൊട്ടാരത്തിന്റെ മതിലുകളിൽ ഒരുക്കിയ ദൃശ്യവിരുന്നും സൗദി അറേബ്യയുടെ ചരിത്ര നാഴികക്കല്ലുകൾ വിവരിക്കുന്ന ‘മിഖ്യാൽ ഹൽ അൽ ഔജ’ പ്രദർശനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പരിപാടിയുടെ പ്രധാന ആകർഷണമായ സൗദി അർദ അവതരണത്തിൽ ഗവർണറും ഡെപ്യൂട്ടി ഗവർണറും പങ്കാളികളായി. ഇത് ഏറ്റവും വലിയ ഏകോപിത സംഘ നൃത്തമെന്ന റെക്കോർഡും സ്വന്തമാക്കി. മുൻഗാമികളുടെ ത്യാഗങ്ങളെ അനുസ്മരിക്കാനും രാജ്യത്തിന്റെ ദേശീയ ഐഡന്റിറ്റി പുതുതലമുറക്ക് പകർന്നു നൽകാനുമാണ് ഇത്തരം പരിപാടികൾ ലക്ഷ്യമിടുന്നതെന്ന് ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ പറഞ്ഞു. ആയിരക്കണക്കിന് സ്വദേശികളും വിദേശികളും പൈതൃക മേഖലകളിലെ പ്രദർശനങ്ങൾ സന്ദർശിക്കാനെത്തിയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles