17.3 C
Saudi Arabia
Wednesday, February 18, 2026
spot_img

ദമ്മാം വിമാനത്താവളത്തിൽ ഇനി കനത്ത മൂടൽമഞ്ഞിലും വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്യാം

ദമ്മാം: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക നാവിഗേഷൻ സംവിധാനം പ്രവർത്തനക്ഷമമായി. കാഴ്ചപരിധി കുറഞ്ഞ സാഹചര്യങ്ങളിലും കനത്ത മൂടൽമഞ്ഞിലും വിമാനങ്ങൾക്ക് സ്വയം ലാൻഡ് ചെയ്യാൻ സഹായിക്കുന്ന ‘കാറ്റഗറി 3 ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം’ ആണ് വിമാനത്താവളത്തിൽ സജ്ജമാക്കിയത്. സൗദി അറേബ്യയിൽ ഇതാദ്യമായാണ് ഇത്തരമൊരു അത്യാധുനിക സംവിധാനം ഏർപ്പെടുത്തുന്നത്. തിങ്കളാഴ്ച നടന്ന ചടങ്ങിൽ കിഴക്കൻ പ്രവിശ്യാ ഗവർണർ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ പുതിയ ജനറൽ ഏവിയേഷൻ ടെർമിനലിന്റെയും ലാൻഡിംഗ് സിസ്റ്റത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു.

പുതിയ സാങ്കേതികവിദ്യ നിലവിൽ വന്നതോടെ മോശം കാലാവസ്ഥയിലും വിമാന സർവീസുകൾ തടസ്സമില്ലാതെ തുടരാനും പ്രവർത്തനക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കാനും സാധിക്കും. പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറൻ റൺവേ 4,000 മീറ്ററായി വികസിപ്പിക്കുകയും അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള 3,200-ലധികം ലൈറ്റിംഗ് യൂണിറ്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാത്തരം വിമാനങ്ങളെയും ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ പുതിയ റൺവേ.

കൂടാതെ, 23,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പുതിയ ജനറൽ ഏവിയേഷൻ ടെർമിനലിൽ ഒരേസമയം നാല് വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും അത്യാധുനിക കാർ പാർക്കിംഗ് സംവിധാനവുമുണ്ട്. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തെ ആഗോള ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ വികസനമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് ബിൻ അബ്ദുള്ള അൽ-ദുവൈലെജ് പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles