റിയാദ്: വിശുദ്ധ റമദാനോടനുബന്ധിച്ച് രാജ്യത്തെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പരിശോധന കർശനമാക്കി. റമദാനിൽ വിപണിയിലെത്തുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ വിവിധ പ്രവിശ്യകളിലെ ഭക്ഷ്യ ഫാക്ടറികളിലും ഗോഡൗണുകളിലും അതോറിറ്റി മിന്നൽ പരിശോധന നടത്തി. ജിദ്ദ, മക്ക എന്നിവിടങ്ങളിൽ അതോറിറ്റി സി.ഇ.ഒ ഹിഷാം എസ് അൽജാദിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി.
ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് 10 ദശലക്ഷം റിയാൽ (ഏകദേശം 2.7 ദശലക്ഷം ഡോളർ) വരെ പിഴയോ, സ്ഥാപനം അടച്ചുപൂട്ടലോ അല്ലെങ്കിൽ തടവോ ലഭിക്കാം. ഫാക്ടറികളിലെ ഉൽപ്പാദന രീതികൾ, ഗോഡൗണുകളിലെ സംഭരണ സൗകര്യങ്ങൾ, ഉൽപ്പന്നങ്ങളിലെ പോഷക വിവരങ്ങൾ എന്നിവ അതോറിറ്റി സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. റമദാൻ മാസത്തിലുടനീളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് പരിശോധന തുടരുമെന്നും സുരക്ഷിതമായ ഉൽപ്പന്നങ്ങൾ മാത്രമേ വിപണിയിൽ എത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുമെന്നും എസ്.എഫ്.ഡി.എ അറിയിച്ചു.



