കൊല്ലം: ശബരിമല സ്വർണ്ണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. കേസിലെ ദ്വാരപാലക പ്രതിമ, കട്ടിളപ്പാളി എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതിയായ തന്ത്രി 41 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതിലും സ്വർണ്ണപ്പാളികൾ കൈമാറുന്നതിന് കുറ്റകരമായ മൗനാനുവാദം നൽകിയതിലും തന്ത്രിക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദം. എന്നാൽ, താൻ താന്ത്രികമായ കാര്യങ്ങളിൽ മാത്രമാണ് ഇടപെട്ടിട്ടുള്ളതെന്നും തന്നെ കേസിൽ കുടുക്കിയതാണെന്നുമുള്ള തന്ത്രിയുടെ വാദം കോടതി പരിഗണിച്ചു.
കർണാടകയിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിൽ മേൽശാന്തിയായിരുന്ന കാലം മുതൽക്കേ ഉണ്ണികൃഷ്ണൻ പോറ്റിയുമായി കണ്ഠര് രാജീവർക്ക് ബന്ധമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പോറ്റിയെ ശബരിമലയിൽ കീഴ്ശാന്തിയായി നിയമിച്ചതെന്നും എസ്.ഐ.ടി ആരോപിച്ചിരുന്നു. ക്ഷേത്രത്തിൽ നടന്ന ആചാരലംഘനങ്ങൾ ദേവസ്വം ബോർഡിനെ അറിയിക്കുന്നതിൽ തന്ത്രി വീഴ്ച വരുത്തിയതായും അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസിലെ മറ്റ് പ്രതികൾക്ക് കുറ്റപത്രം വൈകിയത് മൂലമുള്ള സ്വാഭാവിക ജാമ്യമാണ് ലഭിച്ചതെങ്കിൽ, തന്ത്രിക്ക് കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ജാമ്യം ലഭിച്ചത്. ജയിൽ മോചിതനാകുന്ന കണ്ഠര് രാജീവരേയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിച്ചറിയാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.



