കൊച്ചി: നഗരത്തിൽ അർദ്ധരാത്രിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യമെത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനിയായ സിനിമ ജൂനിയർ ആർട്ടിസ്റ്റ് എക്സൈസിന്റെ പിടിയിലായി. തിരൂരങ്ങാടി സ്വദേശി ‘അൽക്കൂ’ എന്ന് വിളിക്കുന്ന ഷെഫീക്കിനെയാണ് (34) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 52 ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു. ബാറുകളും ബിവ്‌റേജസ് ഔട്ട്‌ലെറ്റുകളും അടച്ച ശേഷം മദ്യം ലഭിക്കാത്ത സാഹചര്യം മുതലെടുത്താണ് ഷെഫീക്ക് കച്ചവടം നടത്തിയിരുന്നത്. രാത്രി 12 മണിക്ക് ശേഷം സജീവമാകുന്ന ഇയാൾ, ഫോൺ വഴിയും വാട്സാപ്പ് വഴിയും ആവശ്യക്കാരെ കണ്ടെത്തി ഇരട്ടി വിലക്കാണ് മദ്യം വിറ്റിരുന്നത്.
ദീർഘകാലമായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. സിനിമ-സീരിയൽ മേഖലയിലെ ബന്ധങ്ങൾ ഉപയോഗിച്ചാണോ ഇത്രയധികം മദ്യം സംഭരിച്ചതെന്ന കാര്യവും ഉദ്യോഗസ്ഥർ ഗൗരവമായി പരിശോധിക്കുന്നുണ്ട്. ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. വരും ദിവസങ്ങളിൽ സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന കൂടുതൽ ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ തീരുമാനം.



