19 C
Saudi Arabia
Thursday, February 19, 2026
spot_img

നാടിനെ നൊമ്പരപ്പെടുത്തി രണ്ട് പ്രവാസികളുടെ ദാരുണാന്ത്യം

തൃശൂർ: വിവാഹ ആഘോഷങ്ങൾ നടക്കേണ്ട വീടുകളിൽ കണ്ണീർ പടർത്തി രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം. മകളുടെ വിവാഹത്തിനായി ഖത്തറിൽ നിന്നെത്തിയ പിതാവ് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ, സ്വന്തം വിവാഹത്തിനായി നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ ജീവൻ വെടിഞ്ഞു. ഇരിങ്ങാലക്കുട എടക്കുളം സ്വദേശി പാഴാട്ട് ഹരിദാസ് (58), കാലടി മാണിക്യമംഗലം സ്വദേശി അക്ഷയ് (30) എന്നിവരാണ് മരിച്ചത്.

ഖത്തറിൽ ജോലി ചെയ്തിരുന്ന ഹരിദാസ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ആഴ്ചകൾക്ക് മുൻപ് നാട്ടിലെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അയ്യങ്കാവ് മൈതാനം റോഡിലെ ഒരു പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മതിലിനോട് ചേർന്ന് ഇരുട്ടുനിറഞ്ഞ ഭാഗത്തുള്ള ഈ കിണർ ശ്രദ്ധയിൽപ്പെടാതെ ഹരിദാസ് ഉള്ളിൽ വീണതാകാമെന്നാണ് കരുതുന്നത്. കാട്ടൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. പ്രീതിയാണ് ഭാര്യ. ഹൃദ്യ, നവ്യ എന്നിവർ മക്കളാണ്.

മറ്റൊരു സംഭവത്തിൽ, കാലടി മറ്റൂരിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് പ്രവാസിയായിരുന്ന അക്ഷയ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. സ്വന്തം വിവാഹത്തിനായി രണ്ട് മാസം മുൻപ് നാട്ടിലെത്തിയ അക്ഷയ്യുടെ വിവാഹം ജനുവരി അഞ്ചിനായിരുന്നു നടന്നത്. ജീവിതത്തിലെ പുതിയ സന്തോഷങ്ങളിലേക്ക് കടക്കുന്നതിനിടെയുണ്ടായ ഈ വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

 

Related Articles

- Advertisement -spot_img

Latest Articles