19 C
Saudi Arabia
Thursday, February 19, 2026
spot_img

ആവശ്യമെങ്കിൽ ഹോർമുസ് കടലിടുക്ക് അടക്കും; അമേരിക്കക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ

തെഹ്‌റാൻ: ഉന്നത നേതൃത്വത്തിന്റെ ഉത്തരവ് ലഭിച്ചാൽ ഹോർമുസ് കടലിടുക്ക് നിമിഷനേരം കൊണ്ട് അടച്ചുപൂട്ടാൻ ഇറാൻ സൈന്യം സജ്ജമാണെന്ന് റിയർ അഡ്മിറൽ അലി റെസ തങ്‌സിരി പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈന്യം നടത്തുന്ന വിപുലമായ സൈനികാഭ്യാസത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ മുന്നറിയിപ്പ്.

ലോകത്തെ എണ്ണക്കടത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ തന്ത്രപ്രധാന പാത താത്കാലികമായി അടച്ചിട്ടാണ് ഇറാൻ കരുത്ത് തെളിയിച്ചത്. സൈനികാഭ്യാസത്തിന്റെ ഭാഗമായി പേർഷ്യൻ ഗൾഫിൽ നിന്നും വിവിധ ദ്വീപുകളിൽ നിന്നും മിസൈലുകൾ തൊടുത്ത് കടലിടുക്കിലെ ലക്ഷ്യങ്ങൾ ഇറാൻ തകർത്തു.

അതേസമയം, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾക്കെതിരെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയും രംഗത്തെത്തി. തബ്‌രിസ് പട്ടണത്തിലെ ഐതിഹാസികമായ ഉയർത്തെഴുന്നേൽപ്പിന്റെ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കക്ക് ശക്തമായ താക്കീത് നൽകിയത്. യുദ്ധമുണ്ടായാൽ യുദ്ധക്കപ്പലുകൾ കടലിന്റെ അഗാധതയിൽ മുങ്ങുന്നത് അമേരിക്കക്ക് വൻ സാമ്പത്തിക-അന്താരാഷ്ട്ര ആഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

വിമാനവാഹിനി കപ്പലുകളെ കാട്ടി ഇറാനെ വിരട്ടാൻ നോക്കേണ്ടെന്നും, കപ്പലുകളേക്കാൾ അപകടകാരികളായ ആയുധങ്ങൾ ഇറാന്റെ കൈവശമുണ്ടെന്നും ഖാംനഇ കൂട്ടിച്ചേർത്തു. എത്ര വലിയ സൈനിക ശക്തിയും തകർന്നുപോകാവുന്ന സാഹചര്യമുണ്ടാകുമെന്നും തിരിച്ചുവരവ് അസാധ്യമാകുന്ന വിധം യു.എസ് സ്തംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

 

Related Articles

- Advertisement -spot_img

Latest Articles