തിരുവനന്തപുരം: പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ ഡോക്ടർമാർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും ശസ്ത്രക്രിയകൾ മുടങ്ങി. അനസ്തേഷ്യ വിഭാഗവും സർജറി വിഭാഗവും തമ്മിലുള്ള തർക്കം മൂലം ശസ്ത്രക്രിയയ്ക്കായി തിയേറ്ററിൽ പ്രവേശിപ്പിച്ച രോഗിയെ ഉപേക്ഷിച്ച് ഡോക്ടർമാർ ഇറങ്ങിപ്പോകുകയായിരുന്നു. കഴിഞ്ഞ ദിവസം മുടങ്ങിയ അഞ്ച് ശസ്ത്രക്രിയകൾ ഇന്ന് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും, തൈറോയ്ഡ് ശസ്ത്രക്രിയക്കായി എത്തിയ ബിന്ദു എന്ന രോഗിയെ തിയേറ്ററിൽ പ്രവേശിപ്പിച്ച് അനസ്തേഷ്യ നൽകാനുള്ള തയ്യാറെടുപ്പുകൾക്കിടെ ഡോക്ടർമാർ വീണ്ടും വാക്കേറ്റമുണ്ടാവുകയും പുറത്തേക്ക് പോവുകയുമായിരുന്നു. മന്ത്രി വി. ശിവൻകുട്ടി നേരിട്ട് ഇടപെട്ടിട്ടും അച്ചടക്കം പാലിക്കാൻ ഡോക്ടർമാർ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സംഭവം ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് വിലയിരുത്തിയ ഇ.എസ്.ഐ ഡയറക്ടർ, തർക്കത്തിൽ ഉൾപ്പെട്ട സർജൻ ഡോ. ഗണേഷ് കുമാർ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ബിനിൽ എന്നിവരെ അടിയന്തരമായി കോട്ടയം ഇ.എസ്.ഐ ആശുപത്രിയിലേക്ക് സ്ഥലം മാറ്റി ഉത്തരവിട്ടു. പകരം പുതിയ ഡോക്ടർമാർ ഇന്ന് തന്നെ ചുമതലയേൽക്കും. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ മുടങ്ങിയതിനെത്തുടർന്ന് ഒരു രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ടി വന്നിരുന്നു. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ആശുപത്രിയിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തിനെതിരെ ആശുപത്രി സൂപ്രണ്ട് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടി സ്വീകരിച്ചത്.



