19 C
Saudi Arabia
Thursday, February 19, 2026
spot_img

പൗരത്വ ഭേദഗതി നിയമം: ഹരജികളിൽ മെയ് അഞ്ചു മുതൽ സുപ്രിംകോടതിയിൽ അന്തിമവാദം തുടങ്ങുന്നു

ന്യൂഡൽഹി: വിവാദമായ പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) ചോദ്യം ചെയ്തുള്ള ഹരജികളിൽ സുപ്രിംകോടതി മെയ് അഞ്ചു മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഒരിടവേളക്ക് ശേഷം ഈ വിഷയം പരിഗണിക്കുന്നത്. ഏഴു വർഷം മുൻപ് സമർപ്പിക്കപ്പെട്ട ഹരജികൾ ഏകദേശം രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും കോടതിയുടെ മുന്നിലെത്തുന്നത്. 2024 മാർച്ച് 19-നായിരുന്നു കേസ് അവസാനമായി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.

അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഹരജികൾ പൗരത്വ നിയമത്തിലെ 6എ വകുപ്പുമായി ബന്ധപ്പെട്ടതായതിനാൽ അവ പ്രത്യേകം പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ് ആവശ്യപ്പെട്ടു. ഇതുപ്രകാരം അസം, ത്രിപുര സംസ്ഥാനങ്ങളിൽ നിന്നുള്ള ഹരജികൾ മാറ്റിനിർത്തി ആദ്യം പ്രധാന ഹരജികളിൽ വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മെയ് അഞ്ച്, ആറ് തീയതികളിൽ ഹരജിക്കാരുടെ വാദവും തുടർന്ന് സർക്കാരിന്റെ എതിർവാദവും കോടതി കേൾക്കും. മറുവാദങ്ങൾ സമർപ്പിക്കാൻ മെയ് 12 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2014-ന് മുൻപ് അയൽരാജ്യങ്ങളിൽ നിന്ന് എത്തിയ മുസ്ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്ന നിയമത്തിനെതിരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നിവരും കേരള സർക്കാരും ഉൾപ്പെടെ ഒട്ടേറെ സംഘടനകളും വ്യക്തികളുമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles