19 C
Saudi Arabia
Thursday, February 19, 2026
spot_img

പ്രണയതർക്കത്തെ തുടർന്ന് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു; ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: പ്രണയനൈരാശ്യത്തെയും തർക്കത്തെയും തുടർന്ന് തിരുവല്ലയിൽ പ്ലസ് ടു വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു. കാവുംഭാഗം പെരിങ്ങോൾ സ്വദേശിനി അപർണ്ണ രമേശ് (17) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വീടിനുള്ളിലെ അടുക്കളയിലാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വായ്പൂർ സ്വദേശിയായ ജാവേദിനെ (21) തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്കൂളിലെ മോഡൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന അപർണ്ണയും ജാവേദും തമ്മിൽ കാവുംഭാഗം ജംഗ്ഷനിൽ വെച്ച് വലിയ വാക്കേറ്റമുണ്ടായതായി പൊലീസ് പറയുന്നു. തർക്കത്തിനിടെ ജാവേദ് പെൺകുട്ടിക്ക് നൽകിയിരുന്ന മൊബൈൽ ഫോൺ റോഡിലെറിഞ്ഞ് പൊട്ടിക്കുകയും, അപർണ്ണയുടെ സഹോദരന് നൽകിയിരുന്ന ഫോൺ തിരികെ ആവശ്യപ്പെടുകയും ചെയ്തു.

ഇതിന് പിന്നാലെ വീട്ടിലെത്തിയ അപർണ്ണ, മറ്റൊരു ഫോണിൽ നിന്ന് ജാവേദിനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ജാവേദ് പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് അപർണ്ണയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രമേശ് – അമ്പിളി ദമ്പതികളുടെ മകളായ അപർണ്ണയുടെ മരണത്തിൽ ജാവേദിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

Related Articles

- Advertisement -spot_img

Latest Articles