തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം രണ്ട് മണിക്കൂർ വർധിപ്പിച്ച സർക്കാർ നടപടി രാഷ്ട്രീയ വിവാദമാകുന്നു. മന്ത്രിസഭയിലോ ഇടതുമുന്നണിയിലോ ചർച്ച ചെയ്യാതെ എടുത്ത ഈ തീരുമാനത്തിൽ സി.പി.എമ്മിലും സി.പി.ഐയിലും അമർഷം പുകയുകയാണ്. വിഷയം തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കോൺഗ്രസ് നടത്തുന്ന ഭവന സന്ദർശന പരിപാടികളിൽ ബാർ വിഷയവും ചർച്ചയാക്കും. മുൻപ് ബാറുടമകളിൽ നിന്ന് പണം പിരിക്കാൻ ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നതും, ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കാൻ നടത്തിയ നീക്കങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെ എലപ്പുള്ളിയിൽ മദ്യനിർമാണ ശാലക്ക് അനുമതി നൽകിയതും മുന്നണിയിൽ ചർച്ചയായിരുന്നില്ല.
അതേസമയം, ബാർ സമയം വർധിപ്പിച്ചത് സർക്കാരിന്റെ മദ്യനയത്തെ ബാധിക്കില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. ഈ തീരുമാനത്തിൽ പ്രതിപക്ഷത്തിന് അനുകൂല നിലപാടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. രഹസ്യമായി ഒരു നിലപാടെടുക്കുകയും പരസ്യമായി അത് മാറ്റിപ്പറയുകയും ചെയ്യുന്നത് മാന്യതയല്ലെന്ന് മന്ത്രി പ്രതിപക്ഷത്തെ വിമർശിച്ചു. ബാറുടമകളും പ്രതിപക്ഷവും തമ്മിൽ നടത്തിയ ചർച്ചകൾ അവർ വെളിപ്പെടുത്തട്ടെ എന്നും, സമയമാറ്റ കാര്യത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരേ നിലപാടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാരിന്റെ നിലപാടുകൾ അവഗണിച്ച് പ്രതിപക്ഷത്തിന്റെ വാദങ്ങൾക്ക് മാത്രം മാധ്യമങ്ങൾ പ്രാധാന്യം നൽകുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.



