16.6 C
Saudi Arabia
Friday, February 20, 2026
spot_img

കൃത്യവിലോപത്തിന് ശാസിച്ചു; ഡോക്ടറുടെ മുറിയിൽ നായ്ക്കുരണപ്പൊടി വിതറി ജീവനക്കാർ

കാസറഗോഡ്: ജോലിയിലെ കൃത്യവിലോപത്തിന് ശകാരിച്ചതിലുള്ള പക തീർക്കാൻ വനിതാ ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ രണ്ട് ആശുപത്രി ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ടി.കെ ഷർമിനയുടെ പരാതിയിൽ ജീവനക്കാരനായ ജയകൃഷ്ണൻ, ലാബ് ടെക്നീഷ്യൻ അഞ്ജലി എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ് നടപടിയെടുത്തത്. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഡോക്ടർ പരിശോധനാമുറിയിൽ പ്രവേശിച്ചപ്പോൾ കസേരയിലും മേശയിലും വിതറിയ പൊടി മൂലം കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ നായ്ക്കുരണപ്പൊടിയാണെന്ന് തിരിച്ചറിയുകയും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളിലൂടെയാണ് ജീവനക്കാരുടെ പങ്ക് വ്യക്തമായത്. മുമ്പ് ജോലിയിൽ വീഴ്ച വരുത്തിയതിന് ഡോക്ടർ ഇവരെ ശാസിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് ഇത്തരം ഒരു പ്രവൃത്തിയിലേക്ക് നയിച്ചതെന്നാണ് സൂചന. ഡോക്ടറുടെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles