വാഷിങ്ടൺ: വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ ഇറക്കുമതി ചുങ്കത്തിനെതിരായ യു.എസ് സുപ്രീം കോടതി വിധി ഇന്ത്യക്ക് അനുകൂലമാകില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോടതി വിധി വന്നാലും ഇന്ത്യയുമായുള്ള നിലവിലെ വ്യാപാര കരാറിൽ മാറ്റങ്ങളുണ്ടാകില്ലെന്നും ഇന്ത്യ താരിഫ് നൽകേണ്ടി വരുമെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. “ഇന്ത്യയുമായുള്ള കരാറിൽ ഒരു മാറ്റവും ഉണ്ടാവില്ല. അവർ താരിഫ് നൽകും, എന്നാൽ നമ്മൾ നൽകില്ല. അത് ന്യായമായ കരാറാണ്,” എന്നാണ് ട്രംപിന്റെ നിലപാട്. വിദേശരാജ്യങ്ങൾക്കുമേൽ പകരച്ചുങ്കം ചുമത്താനുള്ള ട്രംപിന്റെ അധികാരം ചോദ്യം ചെയ്ത സുപ്രീം കോടതി, നികുതി ചുമത്താനുള്ള അവകാശം യു.എസ് കോൺഗ്രസിനാണെന്ന് നേരത്തെ വിധിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് 6-3 ഭൂരിപക്ഷത്തിലാണ് പ്രസിഡന്റിന്റെ ഏകപക്ഷീയമായ താരിഫ് നയം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്. 1977-ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) ദുരുപയോഗം ചെയ്താണ് ട്രംപ് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കുമേൽ നികുതി അടിച്ചേൽപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു. ട്രംപിന്റെ നയം അമേരിക്കൻ കാർഷിക-വ്യാവസായിക മേഖലയെ സഹായിക്കാനാണെങ്കിലും അത് നിയമപരമല്ലെന്നാണ് കോടതിയുടെ വിധി. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മഹാനായ മനുഷ്യൻ’ എന്ന് വിശേഷിപ്പിച്ച ട്രംപ്, കരാർ പ്രകാരം ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മികച്ച രീതിയിൽ തുടരുമെന്നും തന്റെ അഭ്യർഥന പ്രകാരം ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചതായും വെളിപ്പെടുത്തി.



