വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പകരച്ചുങ്കം ചുമത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിന് യുഎസ് സുപ്രീം കോടതിയിൽ നിന്ന് കനത്ത പ്രഹരം. നികുതി ചുമത്താനുള്ള അധികാരം ഭരണഘടനയനുസരിച്ച് യുഎസ് കോൺഗ്രസിന് മാത്രമാണെന്നും പ്രസിഡന്റിന് ഏകപക്ഷീയമായി ഇത്തരം നികുതികൾ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് 6-3 ഭൂരിപക്ഷത്തിലാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
1977-ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് ദുരുപയോഗം ചെയ്താണ് ട്രംപ് ലോകരാജ്യങ്ങൾക്കുമേൽ നികുതി അടിച്ചേൽപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു. വിദേശ ഭീഷണികൾ നേരിടാൻ വ്യാപാരം നിയന്ത്രിക്കാൻ പ്രസിഡന്റിന് അധികാരമുണ്ടെങ്കിലും, നികുതി ചുമത്തുന്നതിൽ ആ അധികാരം ഉപയോഗിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ‘നമ്മുടെ രാജ്യത്തിന്റെ സ്ഥാപകർ നികുതി ചുമത്താനുള്ള അധികാരം ജനപ്രതിനിധി സഭയായ കോൺഗ്രസിനാണ് നൽകിയിട്ടുള്ളത്, അത് എക്‌സിക്യൂട്ടീവ് ശാഖക്ക് വിട്ടുകൊടുത്തിട്ടില്ല’ എന്ന് കോടതി വിധിയിൽ വ്യക്തമാക്കി.
കോടതി വിധി വലിയ തിരിച്ചടിയാണെങ്കിലും തന്റെ വ്യാപാര നയങ്ങളുമായി മുന്നോട്ടുപോകുമെന്ന് ട്രംപ് പ്രതികരിച്ചു. വിധി നിരാശാജനകമാണെന്നും എന്നാൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ മറ്റ് മാർഗ്ഗങ്ങൾ തേടുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഈ നിയമപ്രകാരം പിരിച്ചെടുത്ത ശതകോടിക്കണക്കിന് ഡോളർ ഇറക്കുമതിക്കാർക്ക് തിരികെ നൽകേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഇത് യുഎസ് ബജറ്റിലും വലിയ പ്രതിഫലനമുണ്ടാക്കാൻ സാധ്യതയുണ്ട്.



