റിയാദ്: രക്തത്തിലെ കൊളസ്ട്രോൾ കുറക്കുന്നതിനായി ഉപയോഗിക്കുന്ന ‘സ്റ്റാറ്റിൻ’ (Statin) മരുന്നുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്കെതിരെ സൗദി ആരോഗ്യ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ഒരു ഡോക്ടർ പങ്കുവെച്ച വീഡിയോയെത്തുടർന്ന് പല രോഗികളും ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്ന് കഴിക്കുന്നത് നിർത്തിയതായി ശ്രദ്ധയിൽപ്പെട്ടതിനെ ത്തുടർന്നാണ് മന്ത്രാലയത്തിന്റെ ഈ ഇടപെടൽ. ഡോക്ടറുടെ മേൽനോട്ടമില്ലാതെ ഇത്തരം മരുന്നുകൾ നിർത്തുന്നത് ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്റ്റാറ്റിൻ ഉൾപ്പെടെയുള്ള കൊളസ്ട്രോൾ മരുന്നുകൾ അന്താരാഷ്ട്ര തലത്തിലും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും (SFDA) അംഗീകരിച്ചതും സുരക്ഷിതവുമാണ്. ഹൃദയസംബന്ധമായ തടസ്സങ്ങൾ ഒഴിവാക്കാൻ ലോകമെമ്പാടും ഈ മരുന്നുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച ഡോക്ടറെ മന്ത്രാലയം നേരിട്ട് വിളിപ്പിക്കുകയും ഇയാൾക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കും പ്രൊഫഷണൽ നൈതികത ലംഘിക്കുന്നവർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ആരോഗ്യസംബന്ധമായ വിവരങ്ങൾ ഔദ്യോഗികവും അംഗീകൃതവുമായ സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും മാധ്യമങ്ങൾ ഇത്തരം ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് കൃത്യത ഉറപ്പുവരുത്തണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.



